മുംബൈ: ഇന്ത്യന്‍ വിപണിയിലെ സ്വര്‍ണ ഡിമാന്‍ഡില്‍ ഇടിവ്. 2018 ആദ്യ പാദത്തില്‍ ഡിമാന്‍ഡ് 12 ശതമാനമാണ് കുറഞ്ഞത്. 2017 മാര്‍ച്ച് പാദത്തില്‍ 131.2 ടണ്‍ ആയിരുന്ന ആവശ്യം 115.6 ടണ്‍ ആയാണ് കുറഞ്ഞിരിക്കുന്നത്. മൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള ഡിമാന്‍ഡ് എട്ട് ശതമാനമാണ് താഴ്ന്നത്. 34,440 കോടിയില്‍നിന്ന് 31,800 കോടിയായാണ് ഡിമാന്‍ഡ് ഇടിഞ്ഞത്. കേരളത്തിലെ സ്വര്‍ണവില പവന് 23,040 രൂപയായി കുറഞ്ഞു. ഏപ്രില്‍ 25ന് 23,280 രൂപയില്‍നിന്നാണ് വിലകുറഞ്ഞത്. 2880 രൂപയാണ് ഗ്രാമിന്റെ വില.
ഉയര്‍ന്ന വിലയും നിക്ഷേപ സാധ്യത കുറഞ്ഞതും സ്വര്‍ണ ഡിമാന്‍ഡ് കുറയാന്‍ കാരണമായതായി വേള്‍ഡ് കൗണ്‍സില്‍ വ്യക്തമാക്കി. ഇറക്കുമതിയിലും 50 ശതമാനത്തോളം ഇടിവുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 260 ടണ്ണായിരുന്ന ഇറക്കുമതി ഈ വര്‍ഷം 150 ടണ്ണായാണ് കുറഞ്ഞത്. സ്വര്‍ണാഭരണങ്ങളുടെ ഡിമാന്‍ഡ് 99.2 ടണ്‍ ആയിരുന്നത് 87.7 ടണ്‍ ആയി കുറഞ്ഞിട്ടുണ്ട്. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണാഭരണ ഡിമാന്‍ഡ് 26,050 കോടിയില്‍നിന്ന് 24,130 കോടിയായി കുറഞ്ഞു.