ന്യൂഡൽഹി: സ്പെക്ട്രം യൂസർ ചാർജ്, ലൈസൻസ് ഫീസ് കുടിശികയിനത്തിൽ ടെലികോം കമ്പനികളോട് കഴിഞ്ഞ ഒക്ടോബർ 24നു മുൻപുള്ള പലിശയും പിഴയും പിഴപ്പലിശയും ഈടാക്കേണ്ടതില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് സുപ്രീം കോടതി തള്ളിക്കളഞ്ഞു. കുടിശിക 20 വർഷംകൊണ്ട് അടച്ചു തീർക്കാൻ കമ്പനികളെ അനുവദിക്കണമെന്ന് സർക്കാർ നിർദ്ദേശം 2 ആഴ്ചയ്ക്കുശേഷം പരിഗണിക്കാൻ മാറ്റി.
ടെലികോം കമ്പനികളുടെ കുടിശ്ശിക ഈടാക്കാൻ കഴിഞ്ഞ ഒക്ടോബര് 24 നാണു കോടതി വിധിപറഞ്ഞത്.ഈ വിധിയിൽനിന്നു മാറ്റമുണ്ടാവില്ലെന്നും കുടിശിക കമ്പനികൾ സ്വയം തിട്ടപ്പെടുത്താനോ പരിഷ്കരിക്കാനോ പാടില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഇന്നലെ വ്യക്തമാക്കി. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലാണ് (സിഎജി) കണക്കുകൾ പരിശോധിക്കേണ്ടത്. സ്വയം തിട്ടപ്പെടുത്തൽ കോടതിയലക്ഷ്യമാവുവുമെന്നും അറിയിച്ചു
കോടതിയെ സ്വാധീനിക്കാമെന്ന് ആരെങ്കിലും കരുതുന്നെങ്കിൽ അവർക്കു തെറ്റി – ജസ്റ്റിസ് മിശ്ര പറഞ്ഞു.
വിധി അപ്പാടെ പുനഃപരിശോധിപ്പിക്കാനാണ് ശ്രമമെന്നും ഇതാണ് സർക്കാർ സമീപനമെങ്കിൽ തങ്ങൾ കേസ് പരിഗണിക്കില്ല എന്നും കോടതി പറഞ്ഞു