തൃശ്ശൂര്‍: ഏപ്രില്‍ ഒന്നു മുതല്‍ തപാല്‍ ബാങ്കില്‍ പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും തുക ഈടാക്കും. ഓരോ നിരക്കിനൊപ്പവും ഇടപാടുകാരനില്‍ നിന്ന് ജി.എസ്.ടി കൂടി ഈടാക്കും. ഇതോടെ വലിയ തുകയാണ് ഇടപാടുകാര്‍ക്ക് നഷ്ടമാകുക.
ഇന്ത്യാ പോസ്റ്റ് ബാങ്കാണ് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ആധാര്‍ അധിഷ്ഠിത ബാങ്ക് ഇടപാടിനും പണം നല്‍കണം. ഇത് ഓരോ ഇടപാടിനും 20 രൂപ മുതലായിരിക്കും. മിനി സ്റ്റേറ്റ്‌മെന്റ്, ഫണ്ട് ട്രാന്‍സ്ഫര്‍ എന്നിവയ്ക്കും പണം ഈടാക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. എല്ലാ ചാര്‍ജുകള്‍ക്കും ജി.എസ്.ടി.യും ബാധകമാണ്.
ബേസിക് സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ മാസത്തില്‍ നാല് തവണ ചാര്‍ജില്ലാതെ പണം പിന്‍വലിക്കാം. അതിനു ശേഷം പിന്‍വലിക്കുന്ന തുകയുടെ 0.5 ശതമാനമോ അല്ലെങ്കില്‍ ഓരോ ഇടപാടിനും ചുരുങ്ങിയത് 25 രൂപയോ ഈടാക്കും. ബേസിക് സേവിങ്‌സ് ഒഴികെയുള്ള സേവിങ്‌സ് ബാങ്ക് അക്കൗണ്ട്, കറന്റ് അക്കൗണ്ട് എന്നിവയില്‍നിന്ന് പണം പിന്‍വലിക്കണമെങ്കില്‍ ചാര്‍ജുണ്ട്.
പ്രതിമാസം പരമാവധി 25,000 രൂപ മാത്രമേ ചാര്‍ജില്ലാതെ പിന്‍വലിക്കാനാകൂ. അതിനു ശേഷം പിന്‍വലിക്കുന്ന തുകയ്ക്ക് തുകയുടെ 0.5 ശതമാനമോ അല്ലെങ്കില്‍ ഓരോ ഇടപാടിനും ചുരുങ്ങിയത് 25 രൂപയോ ഈടാക്കും.