ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികൾ വായ്പയെടുത്ത് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിക്ക് ബ്രിട്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതി ജാമ്യം നിഷേധിച്ചു. കേസ് അടുത്ത മാസം 26ന് കോടതി പരിഗണിക്കും. 26 വരെ നീരവ് മോദി ജയിലിൽ കഴിയണം.
നേരത്തെ നീരവ് മോദിക്ക് ജാമ്യം അനുവദിക്കരുതെന്ന് ക്രൗൺ പ്രോസിക്യൂഷൻ വാദിച്ചിരുന്നു. കേസിലെ സാക്ഷികൾക്ക് വധഭീഷണിയുണ്ട്. ജാമ്യം അനുവദിച്ചാൽ നീരവ് മോദി തെളിവുകൾ നശിപ്പിക്കാനും ബ്രിട്ടൻ വിട്ടുപോകാനും സാധ്യത ഉണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
ഇന്ത്യയിൽ നിന്ന് സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും പ്രോസിക്യൂഷനെ സഹായിക്കാനായി കോടതിയിൽ എത്തിയിട്ടുണ്ട്. നീരവിനെതിരായ കൂടുതൽ തെളിവുകളും അന്വേഷണ ഏജൻസികൾ ഹാജരാക്കി. മാർച്ച് തുടക്കത്തിൽ അറസ്റ്റിലായ നീരവിനെ വിട്ടു കിട്ടണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് ലണ്ടനിൽ അറസ്റ്റിലായ നീരവ് മോദിയുടെ ജാമ്യാപേക്ഷ ഇന്ത്യ ആദ്യമേ എതിർത്തിരുന്നു.