തൃശൂര്‍ : അറ്റ്‌ലസ് ജുവലറി ഗ്രൂപ്പ് ഉടമയും പ്രമുഖ പ്രവാസി വ്യവസായിയുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ ദുബായില്‍ ജയില്‍മോചിതനായി. മൂന്നു വര്‍ഷത്തോളം നീണ്ട ജയില്‍വാസം മൂലം ആരോഗ്യനില തീര്‍ത്തും മോശമായ രാമചന്ദ്രന്‍ ഏതാനും ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം തൃശൂരിലെ കുടുംബവീട്ടിലേക്കു വരുമെന്നാണ് റിപ്പോര്‍ട്ട്. വായ്‌പാ തിരിച്ചടവ് മുടങ്ങിയതോടെ വിവിധ ബാങ്കുകള്‍ നിയമനടപടി തുടങ്ങിയതോടെ 2015 ഓഗസ്‌റ്റിലാണു ജയിലിലായത്.
സ്വര്‍ണം, സിനിമ, ആശുപത്രി, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങി വിവിധ മേഖലകളില്‍ സംരംഭങ്ങളുണ്ടായിരുന്ന രാമചന്ദ്രന്‍ ജീവിതാവസാനം വരെ ദുബായ് ജയിലില്‍ കഴിയേണ്ടിവരുമെന്ന ആശങ്കകള്‍ക്കു വിരാമമിട്ടാണ് മോചനമുണ്ടായത്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ബി.ജെ.പി. ദേശീയ നേതൃത്വവും ശക്‌തമായ ഇടപെട്ടതോടെയാണു മോചനത്തിനു വഴിതെളിഞ്ഞത്. അറ്റ്‌ലസിന്റെ ഒമാനിലെ ആശുപത്രികള്‍ ഏറ്റെടുത്ത് പ്രമുഖ വ്യവസായി ബി.ആര്‍. ഷെട്ടി നല്‍കിയ തുകയും തുണയായി. ഒത്തുതീര്‍പ്പിനു ബാങ്കുകളും വായ്‌പ നല്‍കിയിരുന്ന വ്യക്‌തികളും തയാറായതിനെ തുടര്‍ന്നാണ് മോചനം സാധ്യമായതെന്നാണു വിവരം.