ദില്ലി: വളരെ നാളുകളായി തുടര്‍ന്ന് വന്ന വിലപേശലുകള്‍ക്ക് ഒടുവില്‍ വിരാമമായി. രാജ്യത്തെ മുന്‍നിര ഭക്ഷ്യയെണ്ണ കമ്പനിയായ രുചി സോയയെ യോഗ ഗുരു ബാബ രാംദേവിന്‍റെ പതഞ്ജലി ഏറ്റെടുക്കും. കടക്കെണിയിലായ രുചി സോയയെ ഏറ്റെടുക്കാനുളള ബിഡിങ്ങില്‍ അവസാന ഘട്ടത്തില്‍ പതഞ്ജലിയും അദാനി ഗ്രൂപ്പും മാത്രമാണുണ്ടായിരുന്നത്.
അദാനി ഗ്രൂപ്പിന് കീഴിലെ അദാനി വില്‍മര്‍ ബിഡില്‍ 4,100 കോടി രൂപ രുചി സോയയ്ക്ക് വിലയിട്ടപ്പോള്‍ പതഞ്ജലി ഗ്രൂപ്പ് 4,150 കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. പിന്നീട് 200 കോടി കൂടി തുക ഉയര്‍ത്തി 4,350 ല്‍ എത്തിച്ചു.
രുചി സോയയെ ഏറ്റെടുക്കുന്നതോടെ ഭക്ഷ്യയെണ്ണ വിപണിയില്‍ 14 ശതമാനം വിപണി വിഹിതവുമായി പതഞ്ജലി രണ്ടാം സ്ഥാനത്തേക്ക് ഉയരും. 19 ശതമാനം വിപണി വിഹിതമുളള അദാനി വില്‍മറിനാണ് ഒന്നാം സ്ഥാനം. എന്നാല്‍, ഏറ്റെടുക്കല്‍ പൂര്‍ത്തിയാകണമെങ്കില്‍ ബാങ്കുകളുടെ സമിതി നടപടി അംഗീകരിക്കേണ്ടതുണ്ട്.
രുചി സോയയ്ക്ക് ലഭിക്കുന്ന 4,350 കോടിയില്‍ 4,235 കോടി രൂപയും ബാങ്കുകളിലെ കടം തീര്‍ക്കാനാകും ഉപയോഗിക്കുക. 115 കോടി രൂപ മാത്രമായിരിക്കും കമ്പനിയില്‍ ഓഹരിയായി എത്തുക.