ദോഹ: റമദാൻ മാസത്തിനു മുന്നോടിയായി 500 ഉൽപ്പന്നങ്ങൾക്ക് സാമ്പത്തീക, വാണിജ്യമന്ത്രാലയം വിലനിയന്ത്രണം ഏർപ്പെടുത്തി. മന്ത്രാലയ സർക്കുലറിൽ പറയുന്ന ഉൽപ്പന്നങ്ങൾക്ക് ഏതെങ്കിലും വ്യാപാരസ്ഥാപനം അധികവില ഈടാക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ കർശന നടപടികൾ സ്വീകരിക്കും. തുടർച്ചയായി എട്ടാം വർഷമാണ് റംസാനോടനുബന്ധിച്ചുള്ള വിലനിയന്ത്രണം.
ഇന്നലെ മുതൽ കുറഞ്ഞവിലയിൽ സാമഗ്രികൾ വിപണിയിലെത്തി തുടങ്ങി. റമദാൻ കാലം അവസാനിക്കും വരെയാണ് ഈ ആനുകൂല്യം ലഭ്യമാകുക. അരി, ഗോതമ്പു പൊടി, പഞ്ചസാര എന്നീ നിത്യോപയോഗ സാധനങ്ങൾക്കും ഹൽവ, ബിസ്ക്കറ്റ്, കസ്റ്റാർഡ് പൗഡറുകൾ മുതലായ ബേക്കറി ഉൽപ്പന്നങ്ങൾക്കും ബേബി ഫുഡ്, നാപ്‌കിൻ, ഡയപ്പർ, തേൻ, കോൺഫ്‌ളക്‌സ്, ഹാൻഡ് വാഷ് എന്നിവക്കും വിലനിയന്ത്രണമുണ്ട്.