സംവിധായകന്‍ അലി അക്ബര്‍ തന്റെ പുതിയ ചിത്രത്തിലെ നായക കഥാപാത്രത്തെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുത്തി. 'ഇതാണ് എന്റെ വാരിയംകുന്നന്‍..' എന്ന് പറഞ്ഞ് തലൈവാസല്‍ വിജയ്യെയാണ് അലി അക്ബര്‍ പരിചയപ്പെടുത്തിയത്. 1921ലെ മലബാര്‍ കലാപത്തെ പശ്ചാത്തലമാക്കിയുള്ള ചിത്രത്തിന് പുഴ മുതല്‍ പുഴവരെ എന്നാണ് പേരിട്ടിരിക്കുന്നത്.
തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഇതെന്ന് തലൈവാസല്‍ വിജയ് പറയുന്നു. ഒരാഴ്ചയായി വയനാട്ടിലാണ് സിനിമയുടെ ആദ്യഘട്ട ചിത്രീകരണം പുരോഗമിക്കുന്നത്. ജനങ്ങള്‍ സംഭാവന ചെയ്ത പണം കൊണ്ടാണ് സിനിമ നിര്‍മ്മിക്കുന്നത്. ഇതിനോടകം ഒരു കോടി രൂപയില്‍ കൂടുതല്‍ അക്കൗണ്ടിലെത്തിയെന്ന് അലി അക്ബര്‍ വ്യക്തമാക്കി. സ്വന്തമായി വാങ്ങിയ കാമറയിലാണ് സിനിമ ചിത്രീകരിക്കുന്നത്. വയനാട്ടിലെ ജനങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു.