അഭിനയത്തിലൂടേയും സംവിധാനത്തിലൂടേയും മലയാളികളുടെ പ്രിയങ്കരനായിക്കഴിഞ്ഞു പൃഥ്വിരാജ് സുകുമാരന്‍. നായകനായെത്തി വെള്ളിത്തിര കീഴടക്കി സംവിധായകന്റെ കുപ്പായമണിഞ്ഞ് അവിടെയും വെന്നിക്കൊടി പാറിക്കാന്‍ കഴിഞ്ഞു. മലയാള സിനിമയില്‍ ഇന്ന് ഏറ്റവും വിലമതിക്കപ്പെടുന്ന വ്യക്തിയാണ് പൃഥ്വിരാജ്.
ലൂസിഫറിന്റെ വിജയം കേരളക്കരയൊന്നാകെ ആഘോഷിക്കുകയാണ് ഇപ്പോള്‍. പല ഫാന്‍സ് ക്ലബ്ബുകളുടെയും നേതൃത്വത്തില്‍ വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. ഇപ്പോഴിതാ ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫയര്‍ അസോസിയേഷനും (AKMFCWA) പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷനും (AKPFWA) ചേര്‍ന്ന് പൃഥ്വിരാജിനെ ആദരിച്ചിരിക്കുകയാണ്. ഇപ്പോള്‍ പൃഥ്വി അഭിനയിച്ച് കൊണ്ടിരിക്കുന്ന ബ്രദേഴ്‌സ് ഡേ എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു കേക്ക് മുറിച്ചുള്ള ആഘോഷം. തങ്ങളുടെ പ്രിയ താരത്തെ പൊന്നാട അണിയിച്ചാണ് ഫാന്‍സുകാര്‍ ആദരിച്ചത്.
പൃഥ്വിരാജിനെ നായകനാക്കി നടന്‍ കലാഭവന്‍ ഷാജോണിന്റെ സംവിധാനത്തിലെത്തുന്ന കന്നിച്ചിത്രമാണ് ബ്രദേഴ്സ് ഡേ. സിനിമയുടെ പ്രഖ്യാപനം മുതല്‍ ആരാധകര്‍ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. മാര്‍ച്ച് മാസം ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
പേര് സൂചിപ്പിക്കുന്നത് പ്രകാരം പൃഥ്വിരാജ് ഒരു സഹോദരന്റെ വേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. കട്ടത്താടി ലുക്കിലുള്ള പൃഥ്വിയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.