അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ നീക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതികൊച്ചി: പാതയോരങ്ങളിലെ അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ നീക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ വ്യഗ്രത കാണിക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് ഹൈക്കോടതി ഉത്തരവ് മാനിക്കുന്നില്ല. സ്വന്തം ചിത്രമുള്ള ഫ്ലെക്സുകള്‍ വഴിയരുകില്‍ അനധികൃതമായി സ്ഥാപിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
ഭരണമുന്നണിയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ വരെ വഴിയരുകില്‍ അനധികൃതമായി ഫ്ലെക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയാണ്. നിരോധനം മറികടന്ന് അനധികൃത ഫ്ലെക്സ് സ്ഥാപിക്കുന്നവര്‍ക്കെതിരെ കേസെടുക്കണം. ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും തെരഞ്ഞെടുപ്പ് കമ്മീഷനെയും ഈ വിഷയത്തില്‍ കക്ഷിയാക്കണമെന്നും കോടതി പറഞ്ഞു.
കാന്‍സറിന് കാരണമായ രാസവസ്തുക്കളടങ്ങിയ ഫ്ലെക്സ് പ്രകൃതിനാശത്തിനും കാരണമാണ്. ഈ സാഹചര്യത്തില്‍ മുഴുവന്‍ അനധികൃത പരസ്യ ബോര്‍ഡുകളും ഒക്ടോബര്‍ 30നകം നീക്കം ചെയ്യണമെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.