കൊച്ചി: ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്ത് നിന്ന് കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച നവജാതശിശു തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നു. കുട്ടിയുടെ ആരോഗ്യ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ഹൃദയവാൽവിന്‍റെ ഗുരുതര തകരാറാണ് പ്രധാന വെല്ലുവിളി. അതിനാൽ കുട്ടിയുടെ ശരീരത്തെ എത്രയും പെട്ടെന്ന് ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കാനാണ് ഡോക്ടർമാർ ശ്രമിക്കുന്നത്. വൃക്ക, കരൾ, തലച്ചോറ് എന്നിവയുടെ പ്രവർത്തനം സാധാരണനിലയിലാക്കുകയും അണുബാധയില്ലെന്നു ഉറപ്പുവരുത്തുകയും ചെയ്ത ശേഷമാകും ശസ്ത്രക്രിയ.
ഇന്ന് വൈകീട്ട് നാലരയോടെ ശസ്ത്രക്രിയയുടെ കാര്യത്തിൽ തീരുമാനമാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാന സർക്കാരിന്‍റെ ഹൃദ്യം പദ്ധതിക്ക് കീഴിലാണ് കുട്ടിയുടെ ചികിത്സ നടക്കുക. ഇന്നലെ വൈകീട്ട് നാലരയ്ക്കാണ് 15 ദിവസം പ്രായമുള്ള കുഞ്ഞിനെ മംഗലാപുരത്ത് നിന്ന് അഞ്ചര മണിക്കൂർ കൊണ്ട് കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചത്.