കണ്ണൂര്‍: മലബാറിന്റെ വികസന സ്വപ്നങ്ങള്‍ക്ക് നിറച്ചാര്‍ത്ത് നല്‍കി കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം പറന്നുയര്‍ന്നു. അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് രാവിലെ 10.06 ഓടെ പറന്നുയര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നാണ് ആദ്യ വിമാനത്തിന് ഫ്ലാഗ് ഓഫ് ചെയ്തത്.
മന്ത്രിമാരായ ഇ പി ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെകെ ശൈലജ തുടങ്ങി മന്ത്രിമാരും ജനപ്രതിനിധികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. 185 യാത്രക്കാരാണ് ആദ്യ വിമാനത്തില്‍ യാത്രക്കാരായുള്ളത്. വിവേക് കുല്‍ക്കര്‍ണിയാണ് ഈ വിമാനത്തിന്റെ പൈലറ്റ്. മിഹിര്‍ മഞ്ജരേക്കറാണ് സഹ പൈലറ്റ്. സംസ്ഥാനത്ത് നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായി മാറി കണ്ണൂര്‍ എയര്‍പോര്‍ട്ട്.
രാവിലെ 9.30 ന് വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ചേര്‍ന്ന് നിലവിളക്ക് കൊളുത്തിയാണ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തത്. ഇതിന് ശേഷമായിരുന്നു ഇരുവരും ചേര്‍ന്ന് ആദ്യ സര്‍വീസിന് ഫ്ലാഗ് ഓഫ് ചെയ്തത്. വിമാനത്താവളത്തിന് അനുമതി നല്‍കിയ മുന്‍ കേന്ദ്രവ്യോമയാനമന്ത്രി സി എം ഇബ്രാഹിമും ചടങ്ങില്‍ പങ്കെടുത്തിരുന്നു.