തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനമാകെ രണ്ടാഴ്ചക്കുളളിൽ വേനൽമഴയെത്തുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. മാർച്ചിലെ വേനൽമഴയിൽ 61 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് ഇതുവരെ വേനൽമഴ ആവശ്യത്തിന് കിട്ടിയത് കൊല്ലവും വയനാടും പത്തനംതിട്ടയും മാത്രമാണ്. ഈ മാസം പകുതിയോടെ എല്ലാ ഇടങ്ങളിലും വേനൽമഴ എത്തുമെന്നാണ് വിലയിരുത്തൽ. പതിവു പോലെ തെക്കൻ ജില്ലകളിലായിരിക്കും വേനൽ മഴ കൂടുതൽ കിട്ടുക.
കനത്ത ചൂട് സംസ്ഥാനമാകെ തുടരുകയാണ്. ആലപ്പുഴ ജില്ലയിൽ ശരാശരിക്കും നാല് ഡിഗ്രി മുകളിലാണ് താപനില. മറ്റിടങ്ങളിൽ ഈ ദിവസങ്ങളിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെയാണ് താപനിലയിലെ വർദ്ധന. നിരവധിപേർക്ക് സൂര്യാതപമേൽക്കുന്നതായുളള വിവരം ദിവസവും പുറത്തുവരുന്നുണ്ട്. സൂര്യാഘാത ജാഗ്രതാനിർദ്ദേശം പിൻവലിച്ചെങ്കിലും ചൂടിനെതിരെ ജാഗ്രത പാലിക്കേണ്ടത് ആവശ്യമെന്ന് ചുരുക്കം.