തിരുവനന്തപുരം: കെവിന്റെ കൊലപാതക കേസിലെ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലെ ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ അനാവശ്യ രാഷ്ട്രീയ നിലപാട് കൊണ്ടുവരേണ്ടതില്ല. പ്രതികളായ ചാക്കോയും ഷാനു ചാക്കോയും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതാണെന്ന് ബോധ്യമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊലക്കേസില്‍ പങ്കുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും എസ്‌ഐ, എഎസ്‌ഐ, ഡ്രൈവര്‍ എന്നിവരെ വേണ്ടിവന്നാല്‍ പിരിച്ചുവിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സംഭവത്തില്‍ പ്രതിപക്ഷം സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.
പൊലീസിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നും സ്റ്റേഷനില്‍ വെച്ച് അച്ഛന്‍ നീനുവിനെ തല്ലിയിട്ടും പൊലീസ് അനങ്ങിയില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കെവിനെ കൊണ്ടുപോയതും സിപിഐഎമ്മാണെന്നും കെവിന്റെ പോസ്റ്റ് മോര്‍ട്ടം നടത്തിയത് ജൂനിയര്‍ ഡോക്ടറാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.