പമ്പ: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം പോലീസ് തടഞ്ഞു. നാമജപ പ്രതിഷേധക്കാരുടെ വാഹനമാണെന്ന സംശയത്തെ തുടര്‍ന്നായിരുന്നു പോലീസ് നടപടി. അയ്യപ്പ ദര്‍ശനത്തിനുശേഷം മടങ്ങുന്നതിനിടെ പന്പയില്വച്ചാണ് കേന്ദ്രമന്ത്രിയുടെ വാഹനം പോലീസ് തടഞ്ഞത്. പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം വ്യാഴാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു സംഭവം.
മന്ത്രിയുടെ വാഹനമാണെന്ന് അറിഞ്ഞതോടെ പൊലീസ് മാപ്പ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് മാപ്പ് എഴുതി നല്‍കി. കഴിഞ്ഞ ദിവസം നിലയ്ക്കലില്‍നിന്ന് സ്വകാര്യവാഹനങ്ങള്‍ പമ്ബയിലേക്ക് കടത്തി വിടണമെന്ന് ആവശ്യപ്പെട്ട മന്ത്രിയോട് എസ് പി കയര്‍ത്ത് സംസാരിച്ചുവെന്ന് ബിജെപി ആരോപിച്ചിരുന്നു.
ബുധനാഴ്ച രാവിലെ നിലയ്ക്കലെത്തിയ മന്ത്രി പമ്പയിലേക്കു കെഎസ്ആര്‍ടിസി ബസിലായിരുന്നു യാത്ര ചെയ്തത്. അയ്യപ്പഭക്തരുടെ സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടാത്തതിലുള്ള രോഷം പ്രകടിപ്പിച്ചാണ് മന്ത്രി ബസ് യാത്ര നടത്തിയത്.
ഒൗദ്യോഗിക വാഹനത്തിലെത്തിയ മന്ത്രിയും എസ്പി യതീഷ് ചന്ദ്രയും തമ്മില്‍ വാഹനത്തെ ചൊല്ലി വാഗ്വാദമുണ്ടായി. സുരക്ഷാ വീഴ്ചമുന്‍നിര്‍ത്തി സ്വകാര്യ വാഹനങ്ങളെ കടത്തി വിടാനാകില്ലെന്ന് എസ് പി യതീഷ് ചന്ദ്ര വ്യക്തമാക്കുകയുണ്ടായി. ഉത്തരവാദിത്വം ഏല്‍ക്കുമോ എന്ന മന്ത്രിയോടുള്ള യതീഷ് ചന്ദ്രയുടെ ചോദ്യത്തിനെതിരെ നിഷേധാത്മക നടപടിയാണെന്നും സംസ്ഥാനത്തെ മന്ത്രിമാരോട് അദ്ദേഹം ഇങ്ങനെ പെരുമാറുമോ എന്നും പൊന്‍ രാധാകൃഷ്ണന്‍ ചോദിച്ചിരുന്നു. ഇതിനുശേഷമായിരുന്നു മന്ത്രി കെഎസ്ആര്‍ടിസിയില്‍ യാത്ര തിരിച്ചത്.