തിരുവനന്തപുരം കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ അര്‍ഹമായ സഹായം നല്‍കുന്നില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് 31,000 കോടി രൂപയുടെ നാശനഷ്ടമാണ് പ്രളയത്തില്‍ ഉണ്ടായത്. എന്നാല്‍ കേന്ദ്രം ഇതുവരെ അനുവദിച്ചത് 600 കോടി മാത്രമാണ്. ഇതില്‍ പ്രളയകാലത്ത് അനുവദിച്ച അരിയും മണ്ണെണ്ണയും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് വില നല്‍കണമെന്ന കേന്ദ്രനിലപാട് കൂടി കണക്കാക്കുമ്പോള്‍ ഫലത്തില്‍ 336 കോടി മാത്രമാണ് കേന്ദ്രസഹായമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളം ആവശ്യപ്പെട്ട അയ്യായിരം കോടി രൂപയുടെ പാക്കേജില്‍പ്പോലും ഇനിയും തീരുമാനമായിട്ടില്ലെന്നും പിണറായി പറഞ്ഞു. പുനര്‍നിര്‍മാണത്തിന് വേണ്ട സഹായം കേന്ദ്രം കൃത്യമായി നല്‍കുന്നില്ലെന്ന് മാത്രമല്ല സഹായിക്കാന്‍ തയ്യാറായി മുന്നോട്ടു വന്ന യു.എ.ഇയെപ്പോലുള്ള രാജ്യങ്ങളുടെ സഹായം വേണ്ടെന്ന നിലപാടുമെടുത്തു. കേരളത്തിന് ലഭിക്കുമായിരുന്ന പുനര്‍നിര്‍മാണത്തിന് കിട്ടുമായിരുന്ന വലിയ തുകയാണ് ഇതുവഴി നഷ്ടമായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.