കൊച്ചി: പനമ്പിള്ളി നഗറിൽ പെൺകുട്ടികളുടെ ദേഹത്ത് പ്രതി പെട്രോൾ ഒഴിച്ചത് കൊല്ലാന്‍ ഉദ്ദേശിച്ച് തന്നെയായിരുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. പെട്രോള്‍ ഒഴിച്ച ഉടനെ പെണ്‍കുട്ടികള്‍ ബഹളം വച്ചതിനാലാണ് കൃത്യം പൂര്‍ത്തിയാക്കാന്‍ പ്രതിക്ക് സാധിക്കാതിരുന്നത്. സംഭവത്തില്‍ പാലക്കാട് സ്വദേശിയായ മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അക്രമത്തിനു പിന്നിൽ കൊട്ടേഷൻ സംഘമെന്ന് വരുത്തി തീർക്കാൻ ശ്രമം നടത്തിയിരുന്നു. സംഭവ സ്ഥലത്തു കൊട്ടേഷൻ സംഘത്തിന്റെ എന്ന് സംശയം തോന്നിപ്പിക്കുന്ന കുറിപ്പ് ഉപേക്ഷിച്ചത് ഇതിനു വേണ്ടിയായിരുന്നുവെന്ന് പൊലീസ് വിശദീകരണം.
അബുദാബിയില്‍ ജോലി ചെയ്യുന്ന മനു അവധി എടുത്ത് നാട്ടിലെത്തിയാണ് ആക്രമണം നടത്തിയത്. ആക്രമണ ദിവസം കൊച്ചിയില്‍ താമസിച്ച ശേഷം പിറ്റേന്ന് അബുദാബിയിലേക്ക് മടങ്ങുകയും ചെയ്തുവെന്നും കമ്മീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തിനു ശേഷം അബുദാബിയിലേക്ക് കടന്ന ഇയാളെ പൊലീസ് തന്ത്രപരമായി വിളിച്ചു വരുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മാർച്ച് പതിനഞ്ചിനു വൈകിട്ട് ആണ് പെൺകുട്ടികളുടെ വാഹനം തടഞ്ഞു നിർത്തി യുവാവ് പെട്രോൾ ഒഴിച്ചത്.
ഇവരിൽ ഒരാൾ പ്രണയാഭ്യർത്ഥന നിരസിച്ചതാണ് യുവാവിനെ അതിക്രമത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ബൈക്കില്‍ മുഖംമൂടി ധരിച്ചെത്തിയാണ് മനു പെണ്‍കുട്ടികളുടെ നേരെ പെട്രോള്‍ ഒഴിച്ചത്. കൊച്ചിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ഏവിയേഷന്‍ കോഴ്സ് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയായിരുന്നു ആക്രമണം.
ക്ലാസ് കഴിഞ്ഞ് രാത്രി ഏഴ് മണിയോടെ സുഹൃത്തിനൊപ്പം താമസസ്ഥലത്തേക്ക് പോകുകയായിരുന്നു ഇവര്‍. ഇതിനിടയിലാണ് മനു ബൈക്കിലെത്തി, കയ്യിലുള്ള പ്ലാസ്റ്റിക് കുപ്പിയിലെ പെട്രോള്‍ ഇവരുടെ ദേഹത്ത് ഒഴിച്ചത്. ഉടന്‍ ഓടി പെണ്‍കുട്ടികള്‍ സമീപത്തെ കടയില്‍ അഭയം തേടുകയായിരുന്നു. ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും പ്രതി സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു.