തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 2.33 കിലോഗ്രാം സ്വര്‍ണവുമായി യുവാവ് പിടിയില്‍. വെള്ളിയാഴ്ച രാവിലെ 8.30 ന് ദുബായില്‍ നിന്ന് വന്ന ഇകെ 529 എമിറേറ്റ്‌സ് വിമാനത്തിലെത്തിയ ഷുഹൈബാണ് (21) സ്വര്‍ണവുമായി അറസ്റ്റിലായത്. അമ്ബലത്തറ സ്വദേശിയായ ഇയാളില്‍ നിന്ന് ഇരുപത് സ്വര്‍ണ ബിസ്‌കറ്റുകള്‍ എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുക്കുകയായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണത്തിന് 90 ലക്ഷം രൂപ വിലമതിക്കും.
രണ്ട് ഡിടിഎച്ച് സെറ്റ്‌ടോപ്പ് ബോക്‌സുകളില്‍ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ ബിസ്‌കറ്റുകള്‍. സ്‌കാനിങ് ഉപകരണം വഴിയാണ് ഇത് കണ്ടെത്തിയത്. അസിസ്റ്റന്റ് കമീഷണര്‍ സിനി, ഡപ്യൂട്ടി കമീഷണര്‍ കൃഷ്‌ണേന്തു രാജ മിന്റു, സൂപ്രണ്ടുമാരായ ജയരാജ്, ബിന്ദു, ഇന്‍സ്പക്ടര്‍മാരായ ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വര്‍ണം പിടിച്ചെടുത്തത്. ഷുഹൈബ് കാരിയര്‍ ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്വര്‍ണം കടത്തുന്നതിന് ഇയാള്‍ക്ക് 10000 രൂപയായിരുന്നു പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.