തൃശൂര്‍ : ഗജവീരന്‍ തെച്ചിക്കോട്ട് രാമചന്ദ്രനെ ഉത്സവ എഴുന്നള്ളിപ്പുകളില്‍ പങ്കെടുപ്പിക്കുന്നതിന് വനം വകുപ്പ് വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ച ക്ഷേത്ര ഉത്സവത്തിന് എഴുന്നള്ളിപ്പ് ആരംഭിച്ചപ്പോള്‍ രണ്ട് പേരെ ചവിട്ടിക്കൊന്നതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്. പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണ് ആന അന്ന് വിരണ്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാഴ്ചയ്ക്ക് തകരാറുള്ള ആനയാണ് അമ്ബതിലേറെ വയസുള്ള തെച്ചിക്കോട്ട് രാമചന്ദ്രന്‍. വൈദ്യപരിശോധനയില്‍ മറ്റ് ആരോഗ്യ പ്രശ്നമൊന്നുമില്ലെന്ന് കണ്ടതിനെ തുടര്‍ന്നായിരുന്നു എഴുന്നള്ളിപ്പിന് അനുമതി നല്‍കിയിരുന്നത്.
എന്നാല്‍ എഴുന്നള്ളിപ്പില്‍ അപകടമുണ്ടായതോടെയാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനമായത്. പതിനഞ്ച് ദിവസത്തേയ്ക്കാണ് ആനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇനി ഡോക്ടര്‍മാര്‍ അടങ്ങിയ പുതിയ സംഘം പരിശോധന നടത്തി റിപ്പോര്‍ട്ട് കൈമാറിയാലെ എഴുന്നള്ളിപ്പിന് അനുവാദം നല്‍കൂ എന്ന നിലപാടിലാണ് വനം വകുപ്പ് ഇപ്പോള്‍. തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അഞ്ച് പാപ്പാന്‍മാരാണ് ഉള്ളത്.