തൊടുപുഴ: മാതാവിന്‍റെ സുഹൃത്തിന്‍റെ മര്‍ദ്ദനമേറ്റ് കൊലപ്പെട്ട ഏഴു വയസുകാരന്‍റെ അനിയനെ വിട്ടു തരണം എന്നാവശ്യപ്പെട്ട് കുട്ടികളുടെ മുത്തച്ഛന്‍ ശിശുക്ഷേമ സമിതിയെ സമീപിച്ചു. കുട്ടികളുടെ മരിച്ചു പോയ അച്ഛന്‍റെ പിതാവാണ് മൂന്നരവയസുകാരനെ വിട്ടുതരണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.
നിലവില്‍ അമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന കുട്ടിയുടെ ഭാവിയില്‍ ആശങ്കയുണ്ടെന്ന് ശിശുക്ഷേമസമിതിക്ക് നല്‍കിയ കത്തില്‍ കുട്ടിയുടെ മുത്തച്ഛന്‍ ചൂണ്ടിക്കാട്ടുന്നു. മുത്തച്ഛന്‍റെ കത്ത് ലഭിച്ചതായും തുടര്‍നടപടികള്‍ക്കായി തിരുവനന്തപുരം യൂണിറ്റില്‍ നിന്നും വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും ശിശുക്ഷേമ സമിതി അറിയിച്ചു.
മരണപ്പെട്ട മൂത്തകുട്ടി ആശുപത്രിയിലായതിനെ തുടര്‍ന്ന് മാതാവിന്‍റെ അമ്മയുടെ സംരക്ഷണയിലാണ് കഴിഞ്ഞ പത്ത് ദിവസമായി ഇളയക്കുട്ടി കഴിഞ്ഞത്. മൂത്തകുട്ടി മരണപ്പെട്ടതിനെ തുടര്‍ന്ന് മകനെ അടക്കം ചെയ്ത തിരുവനന്തപുരത്ത് തന്നെ പേരക്കുട്ടിയേയും അടക്കം ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും തൊടുപുഴയിലെ അമ്മ വീട്ടിലാണ് ഏഴ് വയസുകാരനെ സംസ്കരിച്ചത്.
കുട്ടികളുടെ പിതാവ് കഴിഞ്ഞ വര്‍ഷം മരണപ്പെട്ട ശേഷം ആരോടും പറയാതെയാണ് കുട്ടികളേയും കൊണ്ട് അമ്മ കുട്ടികളുടെ അച്ഛന്‍റെ ബന്ധുവായ അരുണിനൊപ്പം പോയത്. കുട്ടികളെ അരുണ്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത് തടഞ്ഞില്ലെന്ന ആരോപണം അമ്മ നേരിടുന്നതിനാല്‍ മൂന്നരവയസുകാരന്‍റെ സംരക്ഷണം ആരെ എല്‍പിക്കണം എന്ന കാര്യത്തില്‍ ആശങ്കയും ആശയക്കുഴപ്പവും തുടരുകയാണ്.