കുണ്ട്രത്തൂര്‍: കാമുകനോടൊപ്പം ജീവിക്കാന്‍ വേണ്ടി നൊന്തുപെറ്റ മക്കളെ കൊലപ്പെടുത്തിയ അഭിരാമിയുടെ ക്രൂരതയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവിന്റെ ജന്മദിവസം തന്നെയാണ് അഭിരാമി ഭര്‍ത്താവിനെയും മക്കളെയും കൊലപ്പെടുത്താനായി തിരഞ്ഞെടുത്തത്. ഭര്‍ത്താവിനെയും കൊലപ്പെടുത്താനായിരുന്നു പദ്ധതി. എന്നാല്‍ ജോലിത്തിരക്കുകാരണം ഭര്‍ത്താവ് തിരിച്ചെത്താന്‍ വൈകുമെന്നറിഞ്ഞതോടെയാണ് കാമുകന്‍ സുന്ദരത്തിന്റെ സഹായത്തോടെ അഭിരാമി നാഗര്‍ കോവിലേക്ക് ബസ് കയറിയത്. രാത്രിയിലെ ജന്മദിനാഘോഷങ്ങള്‍ കഴിഞ്ഞതിന് പിന്നാലെ ഭര്‍ത്താവിനും മക്കള്‍ക്കും നല്‍കിയ പാലില്‍ ഉറക്കഗുളിക പൊടിച്ച് കലര്‍ത്തിയിരുന്നു.
എന്നാല്‍ നാല് വയസുകാരിയായ മകള്‍ക്ക് മാത്രമാണ് വിഷബാധയേറ്റത്. വെള്ളിയാഴ്ച രാവിലെ ജോലിക്ക് പോകുന്നതിന് മുമ്പ് ഭര്‍ത്താവ് മകളെ കാണാതിരിക്കാന്‍ വേണ്ടി മകള്‍ ഉറങ്ങുകയാണെന്നും ശല്യപ്പെടുത്തേണ്ടെന്നും പറഞ്ഞ്, ഭര്‍ത്താവിനെ ആലിംഗനം ചെയ്‌താണ് യുവതി യാത്രയാക്കിയത്. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി മകന് വീണ്ടും ഉയര്‍ന്ന അളവില്‍ മയക്കുഗുളിക പാലില്‍ കലര്‍ത്തിനല്‍കി.കാമുകനുമായുള്ള വീഡിയോ കോളിനിടെ മക്കള്‍ ശല്യപ്പെടുത്തിയാല്‍ അവരെ അഭിരാമി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. അഭിരാമിയുടെ വീട്ടില്‍ നിന്ന് ബഹളം കേട്ടപ്പോള്‍ അയല്‍വാസികള്‍ ഒരിക്കല്‍ പോലീസിനെ വിവരമറിയിക്കുകയും ചെയ്തിരുന്നു.