തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. താന്‍ രാജാവാണെന്നാണ് പിണറായി വിജയന്റെ ഭാവമെന്ന് ചിദാനന്ദപുരി വിമര്‍ശിച്ചു. മന്ത്രിമാര്‍ രാജാവല്ല, ജനങ്ങളുടെ പ്രതിനിധിയാണെന്ന കാര്യം ഓര്‍ക്കണം. ജനങ്ങളോട് പ്രതിബദ്ധത വേണമെന്നും ശബരിമലയില്‍ ആചാരലംഘനവും പൊലീസ് അതിക്രമങ്ങളും നടക്കുന്നെന്ന് ആരോപിച്ച് ശബരിമല കര്‍മസമിതി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യശാലകള്‍ പൂട്ടിപ്പോവാതിരിക്കാന്‍ ദേശീയപാതകള്‍ തന്നെ മാറ്റിമറിച്ച് സുപ്രീം കോടതി വിധി അട്ടിമറിച്ച സര്‍ക്കാരാണ് യുവതീപ്രവേശനം സംബന്ധിച്ച വിധി നടപ്പാക്കാന്‍ തിടുക്കം കാട്ടിയത്. അതിനു മുന്‍പു തന്ത്രിമാരും ആചാര്യന്മാരുമായി ചര്‍ച്ചയാകാമായിരുന്നു. കര്‍മസമിതി സമരം കോടതിക്കെതിരല്ല. ഭക്തരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും നൂറ്റാണ്ടുകളായി തുടരുന്ന ക്ഷേത്രാചാരങ്ങള്‍ നിലനിര്‍ത്താനുമാണ് പ്രതിഷേധമെന്ന് അദ്ദേഹം പറഞ്ഞു.