ന്യൂഡല്‍ഹി: പ്രളയകാലത്ത് കേരളത്തെ അവഗണിച്ചിട്ടില്ലെന്നും ആവശ്യമായ സഹായങ്ങള്‍ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിച്ചു നല്‍കിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലുള്ള ബി.ജെ.പിയുടെ ബൂത്ത് പ്രസിഡന്റുമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനംവഴി സംസാരിക്കുന്നതിന് ഇടയില്‍ ആണ് പ്രധാനമന്ത്രി ഈ അവകാശവാദം ഉന്നയിച്ചത്.
സംവാദത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ചോദ്യം ചോദിക്കാനുള്ള അവസരം നല്‍കിയിരുന്നു. കേരളത്തില്‍ മാറി മാറി ഭരിക്കുന്ന മുന്നണികള്‍ അഴിമതിക്കാരുടെയും ഭരിക്കാന്‍ അറിയാത്തവരുടേയും ആണെന്നും പ്രധാനമന്ത്രി ആരോപിച്ചു. ബിജെപി പ്രവര്‍ത്തകര്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ കാര്യക്ഷമമാക്കണമെന്നും ജനങ്ങളില്‍നിന്ന് പ്രതികരണം ആരായണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
കേന്ദ്രത്തില്‍ മുന്‍ സര്‍ക്കാരുകളെക്കാള്‍ മികച്ച ഭരണമാണ് എന്‍ഡിഎ സര്‍ക്കാര്‍ കാഴ്ച വെക്കുന്നതെന്ന് മോദി അവകാശപ്പെട്ടു. നേരത്തെ വിഐപി എന്ന് വിശേഷിപ്പിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഇഐപി (എവരി പേഴ്സണ്‍ ഈസ് ഇംപോര്‍ട്ടന്റ്) എന്ന സ്ഥിതിയാണെന്നും സര്‍ക്കാര്‍ എല്ലാവരുടേയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.