ചേര്‍ത്തല: പഞ്ചാബിലെ ജലന്ധറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫാ.കുര്യാക്കോസ് കാട്ടുതറയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ സിസ്റ്റര്‍ അനുപമയ്ക്കെതിരെ കൈയേറ്റ ശ്രമം. ഇന്നലെ വൈകിട്ട് അഞ്ചോടെ പള്ളിപ്പുറം സെന്റ് മേരീസ് ഫെറോന പള്ളിയില്‍ ഫാ.കാട്ടുതറയുടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷമായിരുന്നു സംഭവം. ബിഷപ്പിനെ അനുകൂലിക്കുന്നവരാണ് ഇതിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.
സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം പള്ളിമുറിയിലേയ്ക്ക് പോകുന്നതിനിടെ സിസ്റ്റര്‍ അനുപമയേയും സഹപ്രവര്‍ത്തകരെയും പള്ളിപ്പുറം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും പഞ്ചായത്തംഗവുമായ ടോമി ഉലഹന്നാന്റെ നേതൃത്വത്തിലെത്തിയ സംഘം ആക്ഷേപിക്കുകയും പള്ളിയില്‍ നിന്ന് ബലമായി ഇറക്കി വിടുകയുയിരുന്നു. പള്ളിപ്പുറം തന്റെ ഇടവകയാണെന്നും തനിക്കിവിടെ നില്‍ക്കാന്‍ അവകാശമുണ്ടെന്നും ഗേറ്റിന് പുറത്തെത്തിയ സിസ്റ്റര്‍ കരഞ്ഞു കൊണ്ട് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മരണം മാനസീക പീഡനം മൂലമാണെന്നും സത്യത്തിന് വേണ്ടി നിലകൊണ്ടതാണ് മരണത്തിന് ഇടയാക്കിയതെന്നും അവര്‍ പറഞ്ഞു.കുറവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍മാരായ നീന റോസ്,ജോസഫൈന്‍,അന്‍സീറ്റ എന്നിവരും സിസ്റ്റര്‍ അനുപമക്കൊപ്പം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. സിസ്റ്ററെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം രംഗത്തെത്തിയതോടെ സംഘര്‍ഷാവസ്ഥയായി.വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി.തുടര്‍ന്ന് സിസ്റ്റര്‍ അനുപമയെ സുരക്ഷിതമായി വാഹനത്തില്‍ കയറ്റി വിട്ടു.