ഉത്തരകാശി: ഉത്തരാഖണ്ഡില്‍ മിനി ബസ് കൊക്കയിലേക്കു മറിഞ്ഞ് 14 പേര് മരിച്ചു. ഒരാള്‍ക്കു പരിക്കേറ്റു. ഉത്തരകാശി ജില്ലയിലെ സന്ഗ്ലായിക്കു സമീപം തിങ്കളാഴ്ച വൈകിട്ടാണു ബസ് 100 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്കു മറിഞ്ഞത്. ഗംഗോത്രി ദേശീയപാതയില്‍ ഒരു മണ്ണിടിച്ചിലില്‍ ബസ് അകപ്പെട്ടതിനെ തുടര്‍ന്നാണ് അപകടമെന്നാണു സൂചന. തെരച്ചില്‍ നടത്തിയ പ്രാദേശിക ഭരണകൂടവും, പോലീസ്, എസ്ഡിആര്‍എഫ് ടീമുകളും ചേര്‍ന്ന് ഒരു കൗമാരക്കാരിയെ രക്ഷിച്ചു.
ഉത്തരകാശി ജില്ലയില്‍ ഭങ്കോലി ഗ്രാമത്തിലെ താമസക്കാരായ മിനി ബസിലെ എല്ലാ യാത്രക്കാരും ഗംഗോത്രി ക്ഷേത്രത്തിലെ പൂജ ആഘോഷത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു. പതിമൂന്നുപേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഒരു കൗമാരപ്രായക്കാരി ഡെറാഡൂണിലേക്കു വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകവെ മരിച്ചു. എന്നാല്‍, മറ്റൊരു കൗമാരക്കാരിയെ രക്ഷപ്പെടുത്തി. ഇവരെ ഡെറാഡൂണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു- ഉത്തരകാശി ജില്ലാ മജിസ്ട്രേറ്റ് ആഷിഷ് ചൗഹാന് പറഞ്ഞു. ചൊവ്വാഴ്ച തെരച്ചില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.