തിരുവനന്തപുരം: ശ്രീകാര്യത്തിനടുത്ത‌് മണ്‍വിളയില്‍ വ്യവസായ എസ‌്റ്റേറ്റില്‍ ഇന്നലെയുണ്ടായ തീപിടിത്തത്തില്‍ പ്ലാസ്‌റ്റിക‌് നിര്‍മാണ ഫാക്ടറി പൂര്‍ണമായും കത്തിനശിച്ചു. ആളപായമില്ലെങ്കിലും. ശ്വാസതടസ്സം മൂലം രണ്ടുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ‌് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജയറാം രഘു (18), കോന്നി സ്വദേശി ഗിരീഷ‌് (21) എന്നിവരാണ‌് ആശുപത്രിയിലുള്ളത‌്. ഒരു കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. ഫാക്ടറിയില്‍ നിന്നും ഇപ്പോഴും പുക വമിക്കുന്നുണ്ട്. സമീപവാസികളെ അടിയന്തരമായി ഒഴിപ്പിച്ചു.
നൈറ്റ‌് ഷിഫ‌്റ്റിനായി നൂറ്റിയിരുപതോളം ജീവനക്കാര്‍ കമ്പനിക്കകത്ത‌് ഉണ്ടായിരുന്നു. ഇവര്‍ തീ പടര്‍ന്ന ഉടന്‍ പുറത്തേക്ക‌് ഓടി രക്ഷപ്പെട്ടു. മുപ്പതോളം ഫയര്‍ യൂണിറ്റുകള്‍, എത്തിയാണ് തീയണച്ചത്. ഫാമിലി പ്ലാസ്റ്റിക‌് ഫാക്ടറിയുടെ നാലുനില കെട്ടിടം ഏതാണ്ട‌് പൂര്‍ണമായും കത്തിനശിച്ചു. യന്ത്രസാമഗ്രികളും രാസവസ‌്തുക്കളും പൂര്‍ണമായും കത്തിപ്പോയി. കമ്പനിയുടെ മൂന്നു യൂണിറ്റുകളില്‍ ഒന്നില്‍നിന്നാണ‌് തീ പടര്‍ന്നത‌്. കഴക്കൂട്ടം, തമ്പാനൂര്‍, ചാക്ക തുടങ്ങിയ ഫയര്‍സ‌്റ്റേഷനുകളില്‍ നിന്ന് യൂണിറ്റുകള്‍ എത്തി തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും അടുക്കാനായില്ല. ചിറയിന്‍കീഴ‌് സ്വദേശി സിന്‍സണ്‍ ഫെര്‍ണാണ്ടസിന്റെ ഉടമസ്ഥതയിലുള്ളതാണ‌് ഫാക‌്ടറി. സംഭവത്തെ തുടർന്ന് പ്രദേശത്തു രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്‌ടർ ഇന്ന് അവധി നൽകി .