തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനും സ്ത്രീസമത്വം ഉറപ്പാക്കാനും ലക്ഷ്യമിട്ടു സര്‍ക്കാരും ഇടതുമുന്നണിയും സാമുദായിക സംഘടനകളും ചേര്‍ന്നു സംഘടിപ്പിക്കുന്ന വനിതാമതിലിന് തുടക്കമായി. വൈകിട്ട് നാല് മണിക്ക് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് മതില്‍ തീര്‍ത്തത്. ലക്ഷക്കണക്കിന് സ്ത്രീകളാണ് മതിലില്‍ പങ്കെടുക്കാന്‍ എത്തിയത്.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്റര്‍ നീളത്തില്‍ ദേശീയ പാതയുടെ പടിഞ്ഞാറ് ഭാഗത്താണ് മതില്‍ തീര്‍ത്തത്. 3.45 ന് മതിലിന്റെ റിഹേഴ്‌സല്‍ നടത്തിയിരുന്നു. വനിതാ മതിലിന് അടിസ്ഥാനം ശബരിമല വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തിയിരുന്നു. ശബരിമല വിധിക്ക് ശേഷം ഉയര്‍ന്ന വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെല്ലാമുള്ള മറുപടി വനിതാ മതിലിലൂടെ നല്‍കുകയാണ് സര്‍ക്കാര്‍.
എസ്‌എന്‍ഡിപി, കെപിഎംഎസ് അടക്കം നൂറിലേറെ സാമുദായിക സംഘടനകളുടെ പിന്തുണ ഉണ്ടെങ്കിലും മുഖ്യഏകോപനം സിപിഎം തന്നെയാണ്. കാസര്‍കോട് ടൗണ്‍ സ്‌ക്വയറില്‍ ആദ്യ കണ്ണിയായി മന്ത്രി കെകെ ഷൈലജയും തിരുവനന്തപുരം വെള്ളയമ്ബലം അയ്യങ്കാളി പ്രതിമക്ക് സമീപം സിപിഎം പിബി അംഗം വൃന്ദാകാരാട്ട് അവസാന കണ്ണിയുമായാണ് മതില്‍ തീര്‍ത്തത്.
തിരുവനന്തപുരത്ത് പ്രതിജ്ഞക്ക് ശേഷം നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. വിവിധ ജില്ലകളില്‍ മന്ത്രിമാരും നേതാക്കളും പിന്തുണയി എത്തിയിരുന്നു. കേരളത്തിനകത്തും പുറത്തുമുള്ള സാംസ്‌കാരിക പ്രവര്‍ത്തകരും മതിലില്‍ പങ്കെടുക്കാനെത്തി.