കണ്ണൂര്‍: എന്നെങ്കിലും ശബരിമലയ്ക്കു പോകുകയാണെങ്കില്‍ അത് മകളുടെയും ഭാര്യയുടെയും കൈപിടിച്ചായിരിക്കുമെന്ന് സാഹിത്യകാരന് എം. മുകുന്ദന്. അതിനുള്ള അവസരമാണ് സുപ്രീംകോടതി വിധിയിലൂടെ കൈവന്നിരിക്കുന്നത്. വളരെ വിപ്ലവകരമായിട്ടുള്ള ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു.ഹിംസ്ര മൃഗങ്ങളും വിഷസര്‍പ്പങ്ങളും ഒക്കെയുള്ള ശബരിമലയില്‍ പണ്ടുകാലത്ത് പോകുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.
പോയ പലരും തിരിച്ചുവന്നിരുന്നില്ല. അങ്ങനെയൊരു കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് പോകാന്‍ പറ്റില്ലായിരുന്നു. അതുകൊണ്ടാണ് സ്ത്രീകള്‍ അവിടെ പോകാതിരുന്നത്. സ്ത്രീകളെ പാര്‍ശ്വവത്കരിക്കുന്ന ആ കാലം കഴിഞ്ഞുവെന്നും മുകുന്ദന് പറഞ്ഞു. ഭാര്യയുടെയും മകളുടെയും കൂടെ മല കയറുവാന്‍ കഴിയുന്നെങ്കില്‍ ഇതില്‍ കൂടുതല്‍ എന്താണുള്ളത്.
സ്ത്രീകളെ ഇഷ്ടപ്പെടാത്ത ഏതെങ്കിലും ദൈവമുണ്ടോ. ശ്രീകൃഷ്ണ ഭഗവാന് എത്ര ഗോപികമാരുടെ കൂടെയാണ് കഴിഞ്ഞിരുന്നത്. ശിവന്റെ ശക്തി മുഴുവന്‍ പാര്‍വതിയാണെന്നാണു പറയുന്നത്. നമ്മുടെ നാട്ടിലെ എത്രയോ ക്ഷേത്രങ്ങളിലെ ആരാധനാമൂര്‍ത്തികള്‍ സ്ത്രീയല്ലേ. എന്തിനാണ് സ്ത്രീകളെ ശബരിമലയില്‍നിന്ന് അകറ്റിനിര്‍ത്തുന്നത്. ആരാണ് ഇങ്ങനെയൊരു ആചാരമുണ്ടാക്കിയത്. ശബരിമല സ്വാമി സ്ത്രീകളെ ഇങ്ങോട്ടു കയറ്റരുതെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മുകുന്ദന് പറഞ്ഞു.