ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്. യുവതീപ്രവേശനം മണ്ഡലകാലത്ത് വിലക്കാനാവില്ലെന്നാണ് നിയമോപദേശം. മണ്ഡല-മകരവിളക്ക് മഹോത്സവം സമാധാനാന്തരീക്ഷത്തില്‍ നടത്തുക എന്നതാണ് സര്‍വവകക്ഷിയോഗത്തിന്‍റെ അജണ്ട.
ഉച്ചയ്ക്ക് ശേഷം പന്തളം രാജകുടുംബം – തന്ത്രി കുടുംബം എന്നിവരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. സെപ്തംബര്‍ 28 ന് സുപ്രീംകോടതി അനുവദിച്ച ശബരിമലയിലെ യുവതി പ്രവേശന വിധി കഴിഞ്ഞ ദിവസം കോടതി സ്റ്റേ ചെയ്തിട്ടില്ല എന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചത്.
നാളെ വൈകീട്ടാണ് 64 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡല – മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറക്കുന്നത്. ഇൗ സാഹചര്യത്തിലാണ് സമാധാനാന്തരീക്ഷത്തിനായി സര്‍വകക്ഷിയോഗം ചേരുന്നത്. യു.ഡി.എഫും ബി.ജെ.പിയും യോഗത്തില്‍ പങ്കെടുക്കും.
മണ്ഡലകാലത്ത് യുവതിപ്രവേശനം വിലക്കാനാവില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ കോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നതും സര്‍ക്കാര്‍ യോഗത്തില്‍ വ്യക്തമാക്കും.
പുന:പരിശോധനാ ഹര്‍ജി ജനുവരി 22ന് പരിഗണിക്കുന്ന സാഹചര്യത്തില്‍ മണ്ഡലകാലത്ത് യുവതി പ്രവേശനം അനുവദിക്കരുത് എന്നതാണ് യുഡിഎഫ് ആവശ്യം. യുവതി പ്രവേശനം വിലക്കണമെന്നതാണ് ബി.ജെ.പിയുടെ ആവശ്യം. ഇക്കാര്യങ്ങള്‍ ഇരുകക്ഷികളും യോഗത്തില്‍ ആവശ്യപ്പെടും.
സര്‍വവക്ഷിയോഗത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം പന്തളം രാജകുടുംബം – ശബരിമല തന്ത്രി കുടുംബം എന്നിവരുടെ പ്രതിനിധികളുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ചര്‍ച്ചയെ രാജകുടുംബം സ്വാഗതം ചെയ്തിരുന്നു.
തുലാമാസ പൂജകള്‍ക്കായും ചിത്തിര ആട്ട വിശേഷത്തിനായും നട തുറന്നപ്പോഴുണ്ടായ അനിഷ്ഠ സംഭവങ്ങള്‍ മണ്ഡലകാലത്ത് ഒഴിവാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ചര്‍ച്ച.