തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് ആലുവ മുന്‍ എസ്.പി. എ.വി. ജോര്‍ജിന്റെ പങ്ക് വെളിപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ശ്രീജിത്തിന്റെ മരണം സംബന്ധിച്ച അന്വേഷണം നല്ല നിലയില്‍ മുന്നോട്ട് പോകുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് തക്കതായി നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അന്വേഷണം സിബിഐയ്ക്ക് വിടുന്ന കാര്യം പരിഗണനയിലില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. റൂറല്‍ എസ്.പി. എ.വി. ജോര്‍ജിന് പുറമെ ആലുവ ഡിവൈഎസ്പി പ്രഭുല്ല ചന്ദ്രനെയും പ്രതിയാക്കില്ലെന്നാണ് സൂചന. എന്നാല്‍, കേസില്‍ നിലവില്‍ പ്രതിയായവരില്‍ മാത്രം കേസ് ഒതുങ്ങാനാണ് സാധ്യത. എന്നാല്‍, പ്രഭുല്ല ചന്ദ്രക്കെതിരെ വകുപ്പുതല നടപടിക്ക് ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കാന്‍ ആര്‍ടിഎഫിന് പ്രത്യേകം നിര്‍ദേശം നല്‍കിയതായി തെളിഞ്ഞിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. സസ്‌പെന്‍ഷനില്‍ കഴിയുന്ന എ.വി. ജോര്‍ജിനെ മൂന്നുവട്ടം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാല്‍, കേസില്‍ പ്രതിചേര്‍ക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടിയെങ്കിലും അതിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.