വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നാലാം പ്രതിയായ എസ്.ഐ ദീപക് കുമാർ പറവൂർ കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. കേസ് ഗൗരവമേറിയതാണെന്നും ഇപ്പോൾ ജാമ്യം നല്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്ത ദിവസം താൻ അവധിയിലായിരുന്നു എന്നും ആർ.ടി.എഫ് ഉദ്യോഗസ്ഥരിൽ നിന്നുമാണ് ശ്രീജിത്തിന് ഗുരുതരമായ പരിക്കേറ്റതെന്നും എസ്.ഐ ദീപക് കുമാർ വാദിച്ചു.
മെഡിക്കൽ ബോർഡ് നിഗമനത്തിൽ ശ്രീജിത്ത് മരിച്ചത് പോലീസ് മർദ്ദനം മൂലമാണെന്നും അടിവയറ്റിലേറ്റ ഇടിയോ ചവിട്ടോ മറ്റ് ഏതെങ്കിലും തരത്തിലുള്ള ഉപകരണം കൊണ്ടുള്ള പ്രഹരമോ ആണ് ശ്രീജിത്ത് മരിക്കാൻ ഇടയാക്കിയത് എന്ന് മെഡിക്കൽ ബോർഡ് സ്ഥിരീകരിച്ചിരുന്നു. മാത്രമല്ല ശ്രീജിത്തിന്റെ ശരീരത്തിൽ 18 മുറിവുള്ളതായി രേഖപ്പെടുത്തിയിരുന്നു. ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സുമേഷ്, സന്തോഷ് ബേബി, ജിതിൻരാജ് എന്നി മൂന്ന് പോലീസുകാർ അറസ്റ്റിലായിരുന്നു.
