തിരുവനന്തപുരം > ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്ത് മലയോര പ്രദേശങ്ങളിലും തീരപ്രദേശത്തുടനീളവും കന്യാകുമാരി ഭാഗത്തും വെള്ളിയാഴ്‌ച മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാറ്റിന്റെ തീവ്രത മണിക്കൂറില്‍ 50 കി.മീ. വരെ ഉയര്‍ന്നേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ശനിയാഴ്‌ചയും ഇതേ തീവ്രതയോടെ (മണിക്കൂറില്‍ 30 കി.മീ. മുതല്‍ 40 കി.മീ. വരെ വേഗത) തെക്ക് കിഴക്കന്‍ അറബിക്കടലിലും കേരള തീരത്തും ശക്തമായ കാറ്റ് തുടരാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രങ്ങളും, പോലീസ്, ഫയര്‍ ഫോഴ്സ് എന്നിവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റില്‍ മരം വീഴുവാനും, വൈദ്യുതി തടസം നേരിടുവാനും സാധ്യതയുള്ളതിനാല്‍ കെഎസ്‌ഇബിക്കും സജ്ജരായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പൊതുജനങ്ങള്‍ വാഹനങ്ങള്‍ മരങ്ങളുടെ കീഴില്‍ പാര്‍ക്ക് ചെയ്യാതെയിരിക്കുവാനും, ബലഹീനമായ വൈദ്യുത പോസ്റ്റുകളുടെയും കെട്ടിടങ്ങളുടെയും ചുവട്ടില്‍ നിന്ന് മാറി നില്‍ക്കുവാനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു.