ചേര്‍ത്തല: കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്‍റ് കെ.എസ്. ദിവാകരനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി കാക്കപറമ്പുത്തുവെളി ആര്‍. ബൈജു (45)വിന് വധശിക്ഷ. 2009 നവംബര്‍ 29നാണ് ചേര്‍ത്തല നഗരസഭ 32ാം വാര്‍ഡ് കൊച്ചുപറമ്പില്‍ കെ.എസ്. ദിവാകരനെ (56) കൊലപ്പെടുത്തിയത്.
കൂട്ടുപ്രതികളായ ചേര്‍ത്തല നഗരസഭ 32ാം വാര്‍ഡില്‍ ചേപ്പിലപൊഴി വി. സുജിത്(മഞ്ജു-38), കോനാട്ട് എസ്. സതീഷ് കുമാര്‍(കണ്ണന്‍ -38), ചേപ്പിലപൊഴി പി. പ്രവീണ്‍(32), 31ാം വാര്‍ഡില്‍ വാവള്ളി എം. ബെന്നി (45), ചൂളക്കല്‍ എന്‍. സേതുകുമാര്‍ (45) എന്നിവര്‍ക്കാണ് കോടതി ജീവപര്യന്തം ശിക്ഷയും വിധിച്ചു. ആലപ്പുഴ അതിവേഗ കോടതി(ട്രാക്ക് മൂന്ന്) ജഡ്ജി അനില്‍ കുമാറാണ് ശിക്ഷ വിധിച്ചത്. സി.പി.എം നേതാവായ ബൈജുവിനെ തുടക്കത്തില്‍ പ്രതി ചേര്‍ത്തില്ലെങ്കിലും പിന്നീട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങളും സമരങ്ങളും നടത്തിയതിനെ തുടര്‍ന്നാണ് ആറാം പ്രതിയാക്കിയത്.
സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറിയും ചേര്‍ത്തല നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനുമായിരുന്നു ആര്‍. ബൈജു. വ്യാജ വിസാ കേസില്‍ നേരേത്ത അറസ്റ്റിലായ ഇയാള്‍ ഇപ്പോള്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലാണ്. യുവനടിയുടെ ഡ്രൈവറായ സേതുകുമാര്‍ എറണാകുളത്ത് മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതിയാണ്. ദിവാകരന്‍ വധകേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് ബൈജുവിനെ സി.പി.എം നീക്കിയിരുന്നു.
കയര്‍ കോര്‍പറേഷന്റെ 'വീട്ടിലൊരു കയറുല്‍പന്നം' പദ്ധതിയുടെ ഭാഗമായി കയര്‍ തടുക്ക് വില്‍പനക്ക് ബൈജുവിന്റെ നേതൃത്വത്തില്‍ ദിവാകരന്‍റെ വീട്ടിലെത്തിയെങ്കിലും വില കൂടുതലാണെന്ന കാരണത്താല്‍ വാങ്ങിയില്ല. എന്നാല്‍, തടുക്ക് കൊണ്ടു വന്നവര്‍ നിര്‍ബന്ധപൂര്‍വം അവിടെ െവച്ചിട്ടുപോയി. അന്ന് ഉച്ചക്കുശേഷം നടന്ന വാര്‍ഡ് സഭയില്‍ ദിവാകരന്‍റെ മകന്‍ ദിലീപ് വിഷയം ഉന്നയിച്ചത് തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന്‍റെ വിരോധത്തില്‍ രാത്രി വീടാക്രമിച്ച് തടിക്കഷണത്തിന് ദിവാകരന്‍റെ തലക്ക് അടിക്കുകയും തടയാന്‍ ശ്രമിച്ച ദിലീപിനെയും ഭാര്യ രശ്മിയെയും ആക്രമിച്ചെന്നുമാണ് കേസ്. തുടര്‍ന്ന് ഇവര്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. ചികിത്സയിലിരിക്കെ ദിവാകരന്‍ മരിച്ചതോടെ കൊലപാതകക്കുറ്റം ചുമത്തുകയായിരുന്നു.