കേരളത്തിൽ ചൂട് ഇനിയും കൂടും. സൂര്യാതപ സാധ്യത വർധിക്കുമെന്നതിനാൽ അതീവ ജാഗ്രത പുലർത്തണമെന്നുള്ള ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് തുടരുന്നു. ഈ മാസം 14 വരെയാണ് നിലവിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
കേരളത്തിലെ താപനില 40 ഡിഗ്രിയിലും കുറവാണെങ്കിലും അന്തരീക്ഷത്തിലെ ഈർപ്പത്തിന്‍റെ അളവ് കൂടുതലായുള്ള കാലാവസ്ഥയാണ് കേരളത്തിലേത്. ഇതാണ് നേരിട്ട് അനുഭവപ്പെടുന്ന ചൂട് കൂടുതലാവാൻ കാരണം. വരും ദിവസങ്ങളിൽ സൂര്യതാപത്തിനും സൂര്യഘാതത്തിനുമുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
ഈ പശ്ചാത്തലത്തിൽ വരുന്ന ദിവസങ്ങളിൽ ആളുകൾ കൂടുതൽ ശ്രദ്ധ ചെലുത്തുകയും നേരിട്ട് വെയിൽ ഏൽക്കുന്നത് പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് പൂർണ്ണമായും ഒഴിവാക്കണമെന്നും കെഡിഎംഎ മുന്നറിയിപ്പ് തരുന്നു.
തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളുടെ മിക്കവാറും എല്ലാ പ്രദേശങ്ങളും പത്തനംതിട്ടയുടെ ചില ഭാഗങ്ങളിലും സൂര്യാഘാത സാധ്യത വളരെ കൂടുതലാണ്.
കോട്ടയം,പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെ ഉയരാം.