തിരുവനന്തപുരം: അമ്പൂരിക്കടുത്ത് തോട്ടമുക്കില്‍ യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍. പൂവാര്‍ സ്വദേശി രാഖി(30)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. സുഹൃത്തിന്റെ വീടിനടുത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഒരുമാസമായി രാഖിയെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് രാഖിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അമ്പൂരി സ്വദേശിയായ അഖില്‍ എന്ന ആളിനെ നിരന്തരം വിളിച്ചിരുന്നതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പോലീസ് ഒരു മാസമായി പ്രദേശത്ത് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയത്.
പറമ്പില്‍ കുഴിച്ചിട്ട മൃതദേഹം പൊലീസ് കണ്ടെടുത്തു. രാഖിയുടെ സുഹൃത്ത് അഖിലിനെ കണ്ടെത്താന്‍ പക്ഷെ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല, പട്ടാളക്കാരന്‍ കൂടിയായ ഇയാള്‍ സ്ഥലത്തില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
രാഖിയെ വിവാഹം കഴിക്കാമെന്ന് അഖില്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ മറ്റൊരു യുവതിയുമായി അഖിലിന്റെ വിവാഹം നിശ്ചയിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇക്കാര്യം അറിഞ്ഞ രാഖി അഖിലുമായി വഴക്കിട്ടു. വിവാഹം നിശ്ചയിച്ചിരുന്ന യുവതിയുടെ വീട്ടിലും രാഖി പോയി. ഇതില്‍ പ്രകോപിതനായ അഖില്‍ രാഖിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ രണ്ട് പേര്‍ പോലീസ് നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു. മൂന്ന് യുവാക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. അഖിലിന്റെ സുഹൃത്ത് നല്‍കിയ സൂചന വെച്ചാണ് അമ്പൂരി തട്ടാന്‍മുക്കില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പിന്‍ഭാഗത്ത് മൃതദേഹം മറവ് ചെയ്തതെന്ന് പോലീസിന് സൂചന ലഭിക്കുന്നത്.