മുംബൈ: മുംബൈയില്‍ പി.ജി വിദ്യാര്‍ത്ഥിയായ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്നു വനിതാ ഡോക്ടര്‍മാര്‍ അറസ്റ്റില്‍. പായല്‍ തദ്വി എന്ന 26കാരിയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. ഒപ്പം താമസിക്കുന്നവരും പഠിക്കുന്നവരും ജാതി പറഞ്ഞ് അധിക്ഷേപിച്ചതിന്റെ പേരിലായിരുന്നു ആത്മഹത്യ.
ഡോക്ടര്‍മാരായ ഭക്തി മെഹ്റെ, അങ്കിത ഖന്ദെല്‍വാള്‍, ഹേമ അഹുജ എന്നിവരാണ് അറസ്റ്റിലായത്. പായലിന്റെ ഒപ്പംതാമസിച്ചിരുന്ന ഭക്തിയെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഹേമയേയും അങ്കിയയേയും ഇന്നലെ രാത്രി അറസ്റ്റു ചെയ്തത്. ഈ മാസം 22നാണ് പായല്‍ ജീവനൊടുക്കിയത്.
ആദിവാസി വിഭാഗത്തില്‍പെടുന്ന പായലിനെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്നും ആത്മഹത്യയിലേക്ക് നയിച്ചത് ഇതാണെന്നും കുറ്റക്കാരായ ഡോക്ടര്‍മാരെ അറസ്റ്റു ചെയ്യണമെന്നും കാണിച്ച് മാതാപിതാക്കള്‍ ആശുപത്രിക്കു മുന്നില്‍ സമരം നടത്തിയിരുന്നു. സമരത്തിന് പിന്തുണയുമായി ദളിത് പിന്നോക്ക വിഭാഗ സംഘടനകളും രംഗത്തെത്തിയിരുന്നു. തങ്ങളുടെ സമുദായത്തില്‍ നിന്നുള്ള ആദ്യ പി.ജി ഡോക്ടര്‍ ആയിരുന്നു പായല്‍ എന്നും മുതിര്‍ന്ന ഡോക്ടര്‍മാര്‍ അവരോട് ജാതിയുടെ പേരില്‍ ക്രൂരമായാണ് പെരുമാറിയിരുന്നതെന്നും അമ്മ അബെദയും പിതാവ് സല്‍മാനും പറഞ്ഞു.
ഡോക്ടര്‍മാര്‍ രോഗികളുടെ മുന്നില്‍വച്ചുപോലും പായലിനോട് മോശമായി പെരുമാറിയിരുന്നു. ഫയലുകള്‍ മുഖത്തേക്ക് വലിച്ചെറിഞ്ഞിരുന്നു. മുതിര്‍ന്ന ഡോക്ടര്‍മാരില്‍ നിന്നുള്ള ഭീഷണി ഭയന്ന് പരാതി എഴുതി നല്‍കാന്‍ പോലും മകള്‍ തയ്യാറായില്ലെന്നും മാതാപിതാക്കള്‍ പറയുന്നു.