ന്യൂഡല്‍ഹി: എഞ്ചിനിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ഓപ്പണ്‍ ബുക്ക് എക്‌സാം നടപ്പാക്കാമെന്ന് പുതിയ കമ്മിറ്റിയുടെ നിര്‍ദേശം. സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പരിഷ്‌കാരത്തിനായി നിര്‍ദേശങ്ങള്‍ വെക്കാന്‍ ജനുവരിയിലാണ് നാലംഗ സമിതി രൂപീകരിച്ചത്. പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷനില്‍ അംഗീകാരത്തിനായി സമിതി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞു.
പുസ്തകം നോക്കി പരീക്ഷയെഴുതുന്ന രീതിയാണ് ഓപ്പണ്‍ ബുക്ക് എക്‌സാം. മനപാഠം പഠിക്കുന്ന രീതി നിരുത്സഹപ്പെടുത്തി വിദ്യാര്‍ഥികളുടെ അപഗ്രഥന ശേഷിയെ പരീക്ഷിക്കാനാണ് ഇത്തരമൊരു നിര്‍ദേശം. സംശയങ്ങള്‍ നോക്കാനും കുറിച്ചെടുക്കാനും മറ്റുമായി ടെക്സ്റ്റ്ബുക്കും മറ്റ് സാധന സാമഗ്രികളും പരീക്ഷാ ഹാളിലേക്ക് കൊണ്ടു പോവാന്‍ കഴിയുന്ന രീതിയാണ് ഓപ്പണ്‍ ബുക്ക് എക്‌സാം.
മനപ്പാഠമാക്കിയത് ഓര്‍മിച്ചെടുക്കുന്നതിന് പകരം അപഗ്രഥനത്തിന് പ്രാധാന്യം നല്‍കിയുള്ള ചോദ്യങ്ങളായിരിക്കും പരീക്ഷയ്ക്കുണ്ടാവുക. ഈ നിര്‍ദേശം അംഗീകരിക്കുകയാണെങ്കില്‍ എഐസിടിഇയുടെ കീഴിലുള്ള എന്‍ജിനീയറിങ് കോഴ്‌സുകളുടെ പരീക്ഷകളെല്ലാം തുറന്ന പുസ്തകത്തിന്റെ സഹായത്തോടെയായിരിക്കും നടപ്പിലാക്കുക. നിര്‍ദേശത്തോട് സമ്മിശ്രമായാണ് വിദഗ്ധര്‍ പ്രതികരിച്ചത്.