തിരുവനന്തപുരം: അധ്യയനവര്‍ഷത്തില്‍ ഉണ്ടായ മഴക്കെടുതിയും കോഴിക്കോട് ഉണ്ടായ നിപ വൈറസ് ബാധയും കാരണം എസ‌്‌എസ‌്‌എല്‍സി പരീക്ഷകളുടെ തീയതികള്‍ നീട്ടാന്‍ സാധ്യത. ഒരു അധ്യയനവര്‍ഷത്തില്‍ കുറഞ്ഞത‌് 200 പ്രവൃത്തി ദിനം ഉറപ്പാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ സ‌്കൂള്‍ തുറക്കുന്നതിനുമുമ്പുതന്നെ ക്രമീകരണം നടത്തിയിരുന്നു .
എന്നാല്‍, നിപാ വൈറസ‌് ബാധയെത്തുടര്‍ന്ന‌് മലപ്പുറം, കോഴിക്കോട‌്, വയനാട‌് റവന്യൂ ജില്ലയിലും തലശേരി വിദ്യാഭ്യാസ ജില്ലയിലും സ‌്കൂള്‍ തുറന്നത‌് രണ്ടാഴ‌്ചയോളം വൈകിയാണ‌്. അതിരൂക്ഷമായ കാലവര്‍ഷത്തില്‍ എല്ലാ ജില്ലയിലും നിരവധി പ്രവൃത്തിദിനങ്ങള്‍ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റുന്നത്. മാര്‍ച്ച‌് അവസാനവാരം ആരംഭിച്ച‌് ഏപ്രില്‍ ആദ്യവാരം അവസാനിപ്പിക്കുന്ന വിധത്തില്‍ ടൈംടേബിള്‍ ക്രമീകരിക്കാനാണ‌് വിദ്യാഭ്യാസവകുപ്പ‌് ആലോചന. ഇതു സംബന്ധിച്ച ശുപാര്‍ശ വ്യാഴാഴ‌്ച ചേരുന്ന ക്യുഐപി യോഗത്തില്‍ മുന്നോട്ടുവയ‌്ക്കും.