ഭുവനേശ്വര്‍: ഒഡിഷയിലെ തീരദേശ ജില്ലയായ ബലാസോറില്‍ പത്താം ക്ലാസ് ഓപ്പണ്‍ പരീക്ഷ എഴുതിയ ബി.ജെ.പി ജില്ലാ നേതാവായ അച്ഛനും മകനും ലഭിച്ച മാര്‍ക്ക് കണ്ടപ്പോള്‍ അദ്ധ്യാപകരും നാട്ടുകാരും അടക്കമുള്ള എല്ലാവരും ഞെട്ടി. കാരണം അച്ഛനും മകനും ലഭിച്ചത് ഒരേ മാര്‍ക്ക്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചത് മൂലം പഠനം മുടങ്ങിയ മുതിര്‍ന്ന ബി.ജെ.പി നേതാവ് അരുണ്‍ കുമാര്‍ ബേജും പത്താം ക്ലാസ് പരീക്ഷയ്‌ക്ക് തോറ്റ മകന്‍ കുമാര്‍ ബിശ്വജിത്ത് ബേജുമാണ് ഒരിക്കല്‍ കൂടി ഭാഗ്യം പരീക്ഷിക്കാന്‍ തീരുമാനിച്ചത്.
ഔദ്യോഗിക വിദ്യാഭ്യാസം ഇല്ലാത്തതിന്റെ പേരില്‍ രാഷ്ട്രീയത്തില്‍ തന്നെ പലപ്പോഴും തഴഞ്ഞിട്ടുണ്ടെന്ന് അരുണ്‍ കുമാര്‍ പറയുന്നു. കുടുംബത്തിലെ എല്ലാവരും വിദ്യാഭ്യാസം നേടിയവരാണ്. എഴുതാനും വായിക്കാനും അറിയാമെങ്കിലും വിദ്യാഭ്യാസത്തിലെ പോരായ്‌മ വീട്ടില്‍ എപ്പോഴും ചര്‍ച്ചാ വിഷയമായിരുന്നു. 2014ല്‍ സമര്‍പ്പിട്ട തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസ യോഗ്യയ പൂരിപ്പിക്കേണ്ട കോളം ഒഴിച്ചിട്ടത് എന്നെ വല്ലാതെ വിഷമത്തിലാക്കി. തുടര്‍ന്നാണ് വീണ്ടും പഠിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒഡിഷ ഓപ്പണ്‍ സ്‌കൂളിന് കീഴില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അരുണ്‍ കുമാര്‍ 60 ശതമാനം മാര്‍ക്കോടെ പാസായി. എന്നാല്‍ തന്റെ മകനും 342 മാര്‍ക്കോടെ പരീക്ഷ പാസായി എന്നറിഞ്ഞതോടെ കുടുംബത്തിലെ എല്ലാവരും ഞെട്ടി. ഇരുവര്‍ക്കും ലഭിച്ചത് ഒരേ മാര്‍ക്കാണെന്ന് അറിഞ്ഞതോടെ സന്തോഷം ഇരട്ടിച്ചു. അരുണ്‍ കുമാറിന്റെ നേട്ടത്തില്‍ അഭിനന്ദനം രേഖപ്പെടുത്തിയ ബി.ജെ.പി നേതൃത്വം വിദ്യാഭ്യാസത്തിന് പ്രായം ഒരു പരിധിയല്ലെന്ന് അദ്ദേഹം തെളിയിച്ചതായും കൂട്ടിച്ചേര്‍ത്തു.