തിരുവനന്തപുരം: മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തിയ 'അങ്കിള്‍' സിനിമയുടെ വ്യാജന്‍ പകര്‍ത്തിയ സ്റ്റോപ്പ് പൈറസി സ്ഥാപനത്തിന്റെ ഉടമ തുഷാറിനെ ആന്റിപൈറസി സെല്‍ അറസ്റ്റ് ചെയ്തു. പൈറസി തടയുന്നതിനായി പല സിനിമാ നിര്‍മാതാക്കളുമായി എഗ്രിമെന്റ് ഉണ്ടാക്കിയിട്ടുള്ളയാളാണ് ഇയാള്‍. ഇന്‍റര്‍നെറ്റിലെ ടെമ്പററി ജിമെയില്‍ മുഖേന വ്യാജ അക്കൗണ്ട് ഉണ്ടാക്കി സിപ്പി മൂവീസ് എന്ന സൈറ്റിലേക്ക് സിനിമ പകര്‍ത്തി നല്‍കുകയാണ് പ്രതി ചെയ്തത്.
പുതിയ സിനിമകള്‍ റിലീസായാല്‍ ഉടന്‍ തന്നെ അവ നെറ്റില്‍ അപ് ലോഡ് ചെയ്യാന്‍ സാധ്യതയുണ്ട് എന്ന് പ്രീ പോസ്റ്റുകള്‍ ഉണ്ടാക്കി പ്രൊഡ്യൂസര്‍മാരെ സമീപിച്ച് പണം പറ്റുന്ന രീതിയാണ് ഇയാള്‍ കൈക്കൊണ്ടിരുന്നത്. പുതിയ സിനിമകള്‍ ഇന്‍റര്‍നെറ്റില്‍ വരാതിരിക്കാനായി ഒരു മാസത്തേയ്ക്ക് 60,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് പൈറസി തടയുന്നതിനായി ഈ സംഘങ്ങള്‍ കൈപ്പറ്റുന്നത്.
കൂടാതെ റിലീസായി ഏതാനു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അങ്കിള്‍ എന്ന സിനിമയുടെ വ്യാജ തിയറ്റര്‍ പകര്‍പ്പ്, ടെലിഗ്രാം ചാനല്‍ വഴി പൈറസി സൈറ്റായ സിപ്പിമൂവീസില്‍ പ്രദര്‍ശിപ്പിച്ചു. ഇത് നിര്‍മാതാവിനു വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കി. ഇതു സംബന്ധിച്ച് ക്രൈം ബ്രാഞ്ച് ആന്റിപൈറസി സെല്ലില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.