പൃഥ്വിരാജ് – മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ 150 കോടിയും പിന്നിട്ട് തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയപ്രവര്‍ത്തകനില്‍ നിന്നും സിനിമയുടെ അവസാനം ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിലാണ് ലൂസിഫര്‍ എത്തിനില്‍ക്കുന്നത്. ചിത്രത്തിന് ഒരു രണ്ടാംഭാഗം ഉണ്ടാവുമെന്ന് സംവിധായകനോ രചയിതാവോ ഉറപ്പൊന്നും ഇതുവരെ പറഞ്ഞിട്ടില്ലെങ്കിലും അതിനുള്ള സാധ്യതകള്‍ ഇരുവരും തള്ളിക്കളഞ്ഞിട്ടുമില്ല. അതേതായാലും അത്തരത്തിലൊരു രണ്ടാംഭാഗമുണ്ടെങ്കില്‍ അതിന് ഏറ്റവും സാധ്യതയുള്ള ഖുറേഷി അബ്രാം എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ തുടര്‍ച്ചയായിരിക്കും എന്നുറപ്പാണ്. ഖുറേഷി അബ്രാം സമൂഹമാധ്യമങ്ങളില്‍ തരംഗമായതോടെ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. എന്തൊക്കെയാണ് ഖുറേഷി അബ്രാം എന്ന് വെളിപ്പെടുത്തുകയാണ് വീഡിയോ.
ലോകത്തിലെ പ്രധാന രഹസ്യാന്വേഷണ ഏജന്‍സികളിലേക്ക് പോലും കടന്നുകയറാന്‍തക്ക സന്നാഹങ്ങളുള്ളതാണ് ഖുറേഷിയുടെ സാമ്രാജ്യമെന്ന് വീഡിയോ പറയുന്നു. ന്യൂയോര്‍ക്ക് ടൈംസും ഗാര്‍ഡിയനും ഡോണും പോലെയുള്ള ലോകത്തിലെ പ്രധാന വര്‍ത്തമാനപത്രങ്ങളില്‍ ഖുറേഷിയെക്കുറിച്ചും അയാളുടെ സംഘത്തെക്കുറിച്ചും 'പ്രസിദ്ധീകരിക്കപ്പെട്ട' വാര്‍ത്തകളുടെ രീതിയിലാണ് കഥാപാത്രത്തെ വിശദീകരിച്ചിരിക്കുന്നത്. അതുപ്രകാരം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന ഭീകരാക്രമണത്തെക്കുറിച്ച് വിവരം നല്‍കിയിട്ടുള്ള ആളാണ് അബ്രാം. ലോകമാകമാനം നെറ്റ്വര്‍ക്കുകളുള്ള, എന്നാല്‍ ലോകത്തിലെ പ്രധാന രഹസ്യാന്വേഷണ ഏജന്‍സികളൊക്കെ ശ്രമിച്ചിട്ടും പിടികൊടുക്കാത്ത, ഒരിക്കലും വെളിപ്പെടാത്ത, മയക്കുമരുന്ന് മാഫിയകള്‍ക്ക് എപ്പോഴും പേടിസ്വപ്നമായ വ്യക്തിത്വമാണ് അബ്രാം ഖുറേഷിയെന്നും പറഞ്ഞുവെക്കുന്നു ഈ വീഡിയോ.