മലയാളികളുടെ സ്വകാര്യ അഹങ്കാരമായ പത്മശ്രീ ഭരത് മോഹന്‍ലാലിന് ഇന്ന് അമ്പത്തെട്ടാം പിറന്നാള്‍. ഈ ദിനത്തിനായി കാത്തിരിക്കുകയായിരുന്നു സിനിമാപ്രേമികള്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ അതുല്യ പ്രതിഭകളിലൊരാളായ താരത്തെ മാറ്റി നിര്‍ത്തിയുള്ള സിനിമയെക്കുറിച്ച് ചിന്തിക്കാന്‍ പോലും മലയാള സിനിമയ്ക്ക് കഴിയില്ല. പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ സര്‍പ്രൈസ് എന്തൊക്കെയായിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു.
കാമുകനായും ഭര്‍ത്താവായും കുടുംബനാഥനായും മലയാളി മനസ്സില്‍ ഈ താരം നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. കൈനിറയെ സിനിമകളാണ് ഈ വര്‍ഷം അദ്ദേഹത്തിന്റെ ലിസ്റ്റിലുള്ളത്. പോയവര്‍ഷത്തില്‍ കേവലം നാല് സിനിമകളുമായാണ് മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ആദ്യ റിലീസായെത്തുന്ന നീരാളിയുടെ അവസാന ഘട്ട ജോലികള്‍ പുരോഗമിച്ച് വരികയാണ്. നീണ്ട കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്റെ ട്രെയിലര്‍ തിങ്കളാഴ്ച രാവിലെ പുറത്തുവിട്ടിട്ടുണ്ട്. ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. നിമിഷനേരം കൊണ്ടാണ് ട്രെയിലര്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്.