മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒരു പിടി നല്ല ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്. പുതിയ ചിത്രം പരോൾ ഏപ്രിൽ അഞ്ചിന് റിലീസിന് ഒരുങ്ങുകയാണ്. കൂടാതെ, അങ്കിൾ, ഒരു കുട്ടനാടൻ ബ്ലോഗ്, അബ്രഹാമിന്റെ സന്തതികൾ എന്നീ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു. മാമാങ്കം, കുഞ്ഞാലി മരിക്കാർ എന്നീ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളും ഉണ്ട് കൂടെ. വരാനിരിക്കുന്ന വമ്പൻ വമ്പൻ പ്രതീക്ഷയാണ് ആരാധക മനസ്സിൽ ഉണ്ടാക്കുന്നത്. ഇപ്പോൾ മമ്മൂട്ടി നായകനാകുന്ന മറ്റൊരു പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്.
നവാഗതനായ ഡീൻ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മമ്മൂട്ടിക്ക് ഇനി വരാനിരിക്കുന്ന അടുത്ത ചിത്രങ്ങളിൽ ഒന്ന്. പ്രശസ്ത തിരക്കഥാകൃത്തായ കലൂർ ഡെന്നീസിന്റെ മകനാണ് ഡീൻ ഡെന്നിസ്. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സൂചനകൾ അനുസരിച്ച് ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ ജോണറിൽ പെട്ട ചിത്രമായിരിക്കുമെന്ന് പറയുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മമ്മൂട്ടി വളരെ ശ്രദ്ധ പുലർത്താറുണ്ട്.
യാത്ര ഇഷ്ട്ടപെടുന്ന 39കാരനായ ഒരു വ്യക്തിയുടെ കഥയാണ് ഈ ചിത്രത്തിന്റെ പ്രമേയം. വിനോദ് മേനോൻ എന്നാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. ഒരു മാസ്സ് ത്രില്ലർ പടമായിരിക്കും ഇതെന്നും അണിയറ പ്രവർത്തകർ അഭിപ്രായപ്പെടുന്നു. ചിത്രീകരണം കൊച്ചിയിലും ബാംഗ്ലൂരിലുമായി നടക്കും
