വൈപ്പിന്‍: ഫോണിലൂടെ ഭക്ഷണം ഓര്‍ഡര്‍ നല്‍കി അജ്ഞാത സംഘം ചെറായി മേഖലയിലെ ഒരു ഹോട്ടലുകാരെ കബളിപ്പിച്ച് അക്കൗണ്ടില്‍ നിന്ന് 25,000 രൂപ തട്ടിയെടുത്തു. ഫോണില്‍ വിളിച്ച് 3000 രൂപയുടെ ഭക്ഷണമാണ് സംഘം ഓര്‍ഡര്‍ നല്‍കിയത്. ചെറായി ബീച്ചിലെ ഒരു റിസോര്‍ട്ടില്‍ എത്തിക്കാനായിരുന്നു ആവശ്യം.
തങ്ങള്‍ നേവിയിലെ ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തി ഹിന്ദിയിലായിരുന്നു സംഭാഷണം. പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഹോട്ടലുകാര്‍ ജീവനക്കാരന്റെ അക്കൗണ്ട് നമ്പറും ഡെബിറ്റ് കാര്‍ഡ് നമ്പറും നല്‍കി.
അല്‍പ്പം കഴിഞ്ഞ് ഫോണ്‍ മെസേജ് നോക്കിയപ്പോള്‍ അക്കൗണ്ടില്‍ നിന്നും 25000 രൂപ പിന്‍വലിച്ചതായി കണ്ട് ഹോട്ടലുകാര്‍ ഞെട്ടി. ഇതോടെയാണ് സംഭവം തട്ടിപ്പായിരുന്നുവെന്ന് മനസ്സിലായത്.
തട്ടിപ്പു മനസ്സിലാക്കിയതിനെ തുടര്‍ന്ന് മുനമ്പം പൊലീസിന് പരാതി നല്‍കി.സംഭവത്തെ തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം തുടങ്ങി.
അതെ സമയം, ഓണ്‍ലൈന്‍ വഴിയും ഫോണ്‍ വിളിച്ചും ഹോട്ടലുകളില്‍ നിന്നും ഭക്ഷണം ബുക്ക് ചെയ്ത ശേഷം അക്കൗണ്ടില്‍ നിന്നും പണം തട്ടുന്ന സംഭവം വ്യാപകമായതോടെ വ്യാപാരികളോട് ജാഗ്രത പുലര്‍ത്തണമെന്ന് മുനമ്പം പൊലീസ് മുന്നറിയിപ്പ് നല്‍കി.
ഫോണിലുടെ ഓര്‍ഡര്‍ എടുത്ത് അക്കാണ്ട് വഴി പേയ്‌മെന്റ് സ്വീകരിച്ച് ഭക്ഷണം വിതരണം നടത്തുന്ന ഹോട്ടലുകാരാണ് കൂടുതല്‍ ജാഗ്രരൂകരാക്കേണ്ടത്.
ചെറായി, പറവൂര്‍ മേഖലകളില്‍ ഇത്തരം സൈബര്‍ തട്ടിപ്പുകള്‍ക്കിരയായവര്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്.
