കൊച്ചി: മരടിലെ ഫ്ലാറ്റ് സന്ദർശിക്കാനെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെ ഫ്ളാറ്റിലെ താമസക്കാർ തടഞ്ഞു. ഗോ ബാക്ക് വിളികളും പ്ലാക്കാടുകളുമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പ്രതിഷേധിക്കുന്നു. ചീഫ് സെക്രട്ടറി വന്നാൽ തടയുമെന്ന് ഇവർ നേരത്തെ പറഞ്ഞിരുന്നു. അതേസമയം സുപ്രീംകോടതി വിധി ഉടൻ നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.
'ഞങ്ങൾ ഒരു തെറ്റും ചെയ്യാത്തവരാണ് ഇവിടെ നിന്ന് ഇറങ്ങുന്ന പ്രശ്നമില്ല . ഒരു ഉദ്യാഗസ്ഥരും ഞങ്ങളെ കേൾക്കാൻ തയ്യാറാവുന്നില്ല . തീരദേശ നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ച് മരടിൽ നിർമ്മിച്ച ഫ്ളാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഇന്നലെ മരട് നഗരസഭാ സെക്രട്ടറിക്കും എറണാകുളം ജില്ലാ കളക്ടർക്കും ലഭിച്ചിരുന്നു. പൊളിക്കേണ്ട ഉത്തരവാദിത്വം മരട് നഗരസഭയ്ക്കാണ്. പൊലീസ് സംരക്ഷണം ഉൾപ്പെടെ ജില്ലാ ഭരണകൂടത്തിന്റെ സഹായം നഗരസഭയ്ക്ക് ലഭിക്കും.അഞ്ഞൂറോളം കുടുംബങ്ങളെ ഒരുമിച്ച് ഒഴിപ്പിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, എന്നാൽ സുപ്രീം കോടതി വിധി അനുസരിക്കുമെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി. സെപ്തംബർ 20 നകം ഫ്ളാറ്റുകൾ പൊളിച്ചു നീക്കി റിപ്പോർട്ട് നൽകണമെന്നും അല്ലാത്ത പക്ഷം സെപ്തംബർ 23 ന് ചീഫ് സെക്രട്ടറി ഹാജരാകണമെന്നും കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീം കോടതി അന്ത്യശാസനം നൽകിയിരുന്നു .ഇതിനെ തുടർന്നാണ് ഫ്ളാറ്റുകൾ പൊളിച്ചു നീക്കാൻ ചീഫ് സെക്രട്ടറി മരട് നഗരസഭയ്ക്ക് നിർദ്ദേശം നൽകിയത്.