കൊച്ചി:തീരദേശ നിയമം ലംഘിച്ച് നിർമിച്ച കൊച്ചി മരടിലെ ഫ്ളാറ്റുകൾ പൊളിച്ചു നീക്കണമെന്ന സുപ്രീംകോടതിയുടെ രണ്ട് വിധികളിലെ പിഴവുകൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റുടമകൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. ഫ്ലാറ്റ്കൾ പൊളിക്കണമെന്നാവശ്യപ്പെട്ടുള്ള ഉത്തരവിൽ ഗുരുതരമായ പിഴവുകളുണ്ട്. അത് തിരുത്തണം. ഗോൾഡൻ കായലോരം റെസിഡന്റ്സ് അസോസിയേഷൻ നൽകിയ ഹർജിയാണ് സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചത്. അഞ്ച് ദിവസത്തിനകം ഫ്ലാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നൽകിയ സാഹചര്യത്തിൽ ഫ്ലാറ്റുടമകൾക്ക് ആശ്വാസം നൽകുന്നതാണ് സുപ്രീം കോടതിയുടെ ഈ നടപടി.
ഫ്ളാറ്റുകൾ പൊളിച്ചുനീക്കുന്നതിന് മുന്നോടിയായി അഞ്ചു ദിവസത്തിനകം ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് താമസക്കാർക്ക് മരട് നഗരസഭ ഇന്നലെ നോട്ടീസ് നൽകിയിരുന്നു. മൂന്നു ഫ്ളാറ്റുകളിലെ താമസക്കാർ നോട്ടീസ് കൈപ്പറ്റാതെ പ്രതിഷേധിച്ചു. എന്നാൽ ഒരു ഫ്ളാറ്റിലുള്ളവർ നോട്ടീസ് കൈപ്പറ്റി.സുപ്രീംകോടതി ഉത്തരവു പ്രകാരം ഫ്ളാറ്റുകൾ പൊളിക്കാൻ നഗരസഭ താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട് . ഫ്ലാറ്റുകൾ പൊളിക്കുന്നതിൽ പ്രതിഷേധിച്ച് തിരുവോണദിവസമായ ഇന്ന് ഫ്ളാറ്റുടമകൾ നഗരസഭാ ഓഫീസിന് മുമ്പിൽ പട്ടിണി സമരം നടത്തുകയാണ്. സമരക്കാർക്ക് പിന്തുണയുമായി ഇന്ന് നിരവധി രാഷ്ട്രീയ സാമൂഹിക സംഘടനകൾ നഗരസഭാ ഓഫീസിന് മുന്നിലേക്ക് എത്തി. ഫ്ലാറ്റുടമകളുടെ കാര്യത്തിൽ സംസ്ഥാന, കേന്ദ്ര സർക്കാരുകൾ ദയാപൂർവം പെരുമാറണമെന്ന് സമരക്കാരെ സന്ദർശിക്കാനെത്തിയ ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു.