തിരുവനന്തപുരം: മരട് ഫ്ളാറ്റ് വിഷയത്തില്‍ ബിൽ ഡർമാർക്കെതിരെ വിമര്‍ശനവുമായി വി.എസ് അച്യുതാനന്ദന്‍. ഉപഭോക്താക്കളെ വഞ്ചിച്ച ഫ്ളാറ്റ് നിര്‍മാതാക്കളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ ഫ്ളാറ്റുകള്‍ക്ക് വഴിവിട്ട് അനുമതികള്‍ നല്‍കിയവര്‍ക്കും അവര്‍ക്ക് പ്രചോദനം നല്‍കിയവര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും വി.എസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
മരടിലെ ഫ്ളാറ്റ് സമുച്ചയം പൊളിക്കണമെന്ന സുപ്രീംകോടതിയുടെ വിധി രാജ്യത്തെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഉണ്ടായത്. എന്നാല്‍, നിയമങ്ങള്‍ ലംഘിച്ച് ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അക്കാര്യം ചൂണ്ടിക്കാണിക്കുമ്പോഴെല്ലാം കോടതികളിൽ നിന്ന് സ്റ്റേ സമ്പാദിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയുമാണ് ചെയ്യുന്നത് . പിന്നീട് അത് വിൽക്കുകയുമാണ് ഒരു കൂട്ടം ബില്‍ഡര്‍മാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ ചില വമ്പന്മാര്‍ക്ക് സൗജന്യമായി ഫ്ളാറ്റുകള്‍ നല്‍കുകയും അവരെ ചൂണ്ടിക്കാട്ടി മറ്റ് ഫ്ളാറ്റുകള്‍ വിറ്റഴിക്കുകയുമാണ് ഇക്കൂട്ടരുടെ വിപണന തന്ത്രമെന്നും അദ്ദേഹം പറഞ്ഞു.
പാറ്റൂര്‍ ഫ്ളാറ്റ് ഇത്തരത്തില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടി താന്‍ നിയമ നടപടി സ്വീകരിച്ചു വരികയാണ്. മറ്റ് ചില കക്ഷികളും ഇതേ വിഷയത്തില്‍ കേസ് നടത്തുന്നതായും അദ്ദേഹം പറഞ്ഞു.