ലണ്ടന്‍: യുക്മ പുതിയ പ്രവര്‍ത്തനവര്‍ഷത്തിലെ ആദ്യ പൊതുപരിപാടിക്ക് ബര്‍മിംഗ്ഹാം വേദിയായി. യുക്മ ദേശീയ നേതൃത്വ സമ്മേളനവും വിവിധ പോഷക വിഭാഗങ്ങളുടെ പരിശീലന കളരിയും മേയ് 11 ന് (ശനി) നടന്നു. യുക്മ ദേശീയ നിര്‍വാഹകസമിതി അംഗങ്ങള്‍ക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ റീജിയണല്‍ ഭാരവാഹികളും യുക്മയുടെ പോഷക വിഭാഗങ്ങളുടെ ദേശീയതല പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തുവെന്ന് ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അറിയിച്ചു.
രണ്ട് സെഷനുകളായാണ് സമ്മേളനം ക്രമീകരിച്ചിരുന്നത്. രാവിലെ 10 ന് ആരംഭിച്ച സമ്മേളനം യുക്മയുടെ 2019 ലെ ദര്‍ശനങ്ങളും ആഭിമുഖ്യങ്ങളും ചര്‍ച്ച ചെയ്തു. യുക്മ കഴിഞ്ഞ വര്‍ഷം യുവജനങ്ങള്‍ക്കായി തുടങ്ങിവച്ച 'യുക്മ യൂത്ത്' കൂടുതല്‍ കാര്യക്ഷമം ആക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആദ്യ സെഷനില്‍ നടന്നു. പൊതുരംഗങ്ങളില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനവും പരിശീലനവും നല്‍കുകയെന്ന ലക്ഷ്യം കൂടി ഉള്‍ച്ചേര്‍ത്തുകൊണ്ട് പുനര്‍രൂപീകരിച്ച 'യുക്മ വിമന്‍ & യൂത്ത്' വിംഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനുള്ള ഒരു വേദികൂടിയായി ദേശീയ നേതൃത്വ സമ്മേളനം.
ഇതിനകംതന്നെ പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞ 'യുക്മ സാന്ത്വനം' പദ്ധതിയുടെ അവലോകനവും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പദ്ധതി നടപ്പിലാക്കുവാനുള്ള ചര്‍ച്ചകളും യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും യോഗത്തില്‍ നടന്നു. യുക്മ അംഗ അസോസിയേഷനുകള്‍ക്കും യുക്മ റീജിയനുകള്‍ക്കും ഒരു നിശ്ചിത തുക ലഭിക്കത്തക്കവിധം തയാറാക്കി കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ വിജയകരമായി നടപ്പിലാക്കിയ യു ഗ്രാന്‍ഡ് ലോട്ടറിയുടെ 2019 ലെ ലോഞ്ചിങ്ങും ദേശീയ നേതൃത്വ സമ്മേളനത്തില്‍ നടന്നു.