കൊച്ചി: ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍ഐഎ കസ്റ്റഡിയിലെടുത്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറും കൂട്ടാളികളും കേരളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ. കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് എന്‍ഐഎ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇപ്പോള്‍ സിറിയയിലുണ്ടെന്ന് കരുതുന്ന ഐഎസ് കമാന്‍ഡറും ഐഎസ് റിക്രൂട്ട്മെന്റ് കേസിലെ മുഖ്യപ്രതിയുമായ അബ്ദുള്‍ റാഷിദിന്റെ നിര്‍ദേശ പ്രകാരമാണ് കേരളത്തില്‍ പലയിടത്തായി ചാവേര്‍ സ്ഫോടനങ്ങള്‍ നടത്താന്‍ റിയാസ് തീരുമാനിച്ചത്. ചാവേര്‍ സ്ഫോടനങ്ങള്‍ നടത്തുക എന്നതായിരുന്നു റിയാസിന്റെ ലക്ഷ്യം. സമാന ചിന്താഗതിക്കാരെ ഒപ്പം കൂട്ടിയായിരുന്നു റിയാസിന്റെ ആക്രമണ പദ്ധതി. എന്നാല്‍ ചാവേറാകാന്‍ മറ്റുള്ളവര്‍ തയ്യാറാകാതെ വന്നതോടെ പദ്ധതി തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
കേരളത്തില്‍ ചാവേറാക്രമണം നടത്താന്‍ റിയാസ് അബൂബക്കറിന്റെ നേതൃത്വത്തിലുള്ള സംഘം ആസൂത്രണം ചെയ്ത പദ്ധതികളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി റിയാസിനെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. എന്‍ഐഎയുടെ കസ്റ്റഡി അപേക്ഷയില്‍ കോടതി ഉടനെ തീരുമാനമെടുക്കും.
കേരളത്തില്‍ തൃശ്ശൂര്‍ പൂരം അടക്കമുള്ള പരിപാടികളും കൊച്ചി അടക്കമുള്ള സ്ഥലങ്ങളുമാണ് ഭീകരരുടെ പട്ടികയില്‍ ആദ്യസ്ഥാനങ്ങളിലുള്ളതെന്നാണ് സൂചനകള്‍. ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം സൗദി അറേബ്യയില്‍ അറസ്റ്റിലായ രണ്ടുപേര്‍ക്ക് കേരളവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന സഹ്രാന്‍ ഹാഷിമിന്റെ ബന്ധു മൗലാനാ റിള, സുഹൃത്ത് ഷഹ്നാഹ് നാവിജ് എന്നിവരാണ് കഴിഞ്ഞദിവസം സൗദി പോലീസിന്റെ പിടിയിലായത്. ഇവര്‍ക്ക് കാസര്‍കോട് അടക്കമുള്ള സ്ഥലങ്ങളിലെ ഐ.എസ്. റിക്രൂട്ട്മെന്റില്‍ പ്രധാന പങ്കുണ്ടെന്നാണ് എന്‍.ഐ.എ. കരുതുന്നത്.
ഐ.എസ്. റിക്രൂട്ട്മെന്റ് കേസിലെ മുഖ്യപ്രതിയായ റാഷിദ് അബ്ദുല്ലയുടെ നേതൃത്വത്തിലാണ് കേരളത്തില്‍ സ്ഫോടനപരമ്പരകള്‍ക്കുള്ള ആഹ്വാനം നടക്കുന്നതെന്നാണ് സൂചന. റാഷിദ് അബ്ദുല്ലയുടെ ശബ്ദസന്ദേശമാണ് റിയാസ് അടക്കമുള്ളവരെ ഭീകരവാദത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചതെന്നും എന്‍.ഐ.എ. കണ്ടെത്തിയിട്ടുണ്ട്. ഐ.എസിന്റെ ലക്ഷ്യത്തെപ്പറ്റി വിശദീകരിച്ച് അതില്‍ ചേരാനാണ് റാഷിദിന്റെ ശബ്ദസന്ദേശത്തിലെ ആഹ്വാനം. സംഘടനയില്‍ കയറാന്‍ സാധിക്കാത്തവര്‍ സാമ്പത്തിക പിന്തുണ നല്‍കാനെങ്കിലും തയ്യാറാകണം. സാമ്പത്തിക പിന്തുണ നല്‍കാന്‍ സാധിക്കാത്തവര്‍ ശത്രുക്കളെ ഉന്മൂലനം ചെയ്യുന്നതില്‍ പരമാവധി സഹായങ്ങള്‍ ചെയ്യണമെന്നുമാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത്.