കൊച്ചി: ക്രൈസ്തവസഭകള്‍ക്കുള്ളിലുള്ള സ്വത്തുതര്‍ക്കം തീര്‍ക്കാന്‍ പ്രത്യേക സഭാ ട്രൈബ്യൂണലിന് രൂപം കൊടുക്കാന്‍ നീക്കം. നിയമപരിഷ്‌ക്കരണ കമ്മീഷനാണ് ഇത്തരം ഒരു ട്രൈബ്യൂണല്‍ ഉണ്ടാക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുള്ളത്.
സഭാ സ്വത്തുക്കളുടെ കാര്യത്തില്‍ സഭാ നേതൃത്വം എടുക്കുന്ന നടപടികള്‍ ചോദ്യം ചെയ്യാന്‍ ഇന്ന് പ്രത്യേക ഫോറങ്ങള്‍ ഇല്ല. ഈ സാഹചര്യത്തിലാണ് നിയമ പരിഷ്‌ക്കരണ കമ്മീഷന്‍ പുതിയ നിര്‍ദ്ദേശവുമായി മുമ്പോട്ടു വന്നിട്ടുള്ളത്. 1975-ലെ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് നിയമമന്ത്രി വി. ആര്‍. കൃഷ്ണയ്യര്‍ ഇത്തരമൊരു സംവിധാനത്തെപ്പറ്റി ആലോചിച്ചിരുന്നു. സീറോ മലബാര്‍ സഭാ നേതൃത്വം സ്വത്ത് വിറ്റപ്പോള്‍ കനത്ത നഷ്ടമുണ്ടാക്കിയെന്ന് ആരോപണങ്ങള്‍ ഉയരുകയും അത് വിവാദമാവുകയും ചെയ്തിരുന്നു. സഭയിലെ തന്നെ ഒരു വിഭാഗമാണ് സ്വത്ത് വില്പനയ്ക്കെതിരെ മുമ്പോട്ടു വന്നത്. സി.എസ്.ഐ സഭാ നേതൃത്വത്തിനെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
വിശ്വാസികളുടെ അറിവും സമ്മതവുമില്ലാതെ സഭാ സ്വത്ത് കൈമാറ്റം ചെയ്യുന്നതും പണയപ്പെടുത്തുന്നതും, പാട്ടത്തിന് നല്‍കുന്നതും വന്‍ നഷ്ടം ഉണ്ടാക്കുന്നുണ്ടെന്നും നിരവധി കള്ളക്കളികള്‍ ഉണ്ടെന്നും ഒട്ടേറെ പരാതികള്‍ ഉയര്‍ന്നുവന്നതിന്റെ വെളിച്ചത്തിലാണ് നിയമപരിഷ്‌ക്കരണ കമ്മീഷന്‍ സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.
വിശ്വാസികള്‍ നേര്‍ച്ചയായും, സംഭാവനയായും നല്‍കുന്ന പണവും സ്വത്തും മറ്റും ഉപയോഗിച്ചാണ് സഭകള്‍ ആസ്തി വര്‍ദ്ധിപ്പിക്കുന്നത്. സഭാ നേതൃത്വം ചിലപ്പോള്‍ സ്വത്ത് ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപം പരക്കെയുണ്ട്.
പണമിടപാട് സംബന്ധിച്ച് വാര്‍ഷിക ആഡിറ്റിംഗ് നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശത്തിന്റെ കരടില്‍ പറയുന്നു. സഭാ സ്വത്ത് വാടകയ്ക്കോ പാട്ടത്തിനോ നല്കുന്നത് സംബന്ധിച്ച് സുതാര്യമായ കണക്ക് സൂക്ഷിക്കുകയും ആഡിറ്റിന് വിധേയമാക്കുകയും വേണമെന്ന് കരടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ കണക്ക് വാര്‍ഷിക പൊതുയോഗത്തില്‍ അവതരിപ്പിച്ച് പാസാക്കണം. നിയമത്തിന്റെ കരട് സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ കേട്ടശേഷം നിയമനിര്‍മ്മാണ നടപടിയിലേക്ക് പോകാനാണ് പദ്ധതി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മാതൃകയില്‍ മൂന്ന് അംഗങ്ങളുള്ള ആയ ട്രൈബ്യൂണലിനായിരിക്കും രൂപം നല്‍കുക. ജില്ലാ ജഡ്ജിയുടെ പദവി ഉള്ള ആളായിരിക്കണം ട്രൈബ്യൂണലിന്റെ അദ്ധ്യക്ഷന്‍. അംഗങ്ങള്‍ ജില്ലാ ജഡ്ജിയുടെ പദവിയില്‍ നിയമിക്കാന്‍ യോഗ്യത ഉള്ള ആളാവണം. ഗവ. സെക്രട്ടറി പദവിയില്‍ ഇരുന്നവരേയും അംഗങ്ങളായി നിയമിക്കാവുന്നതാണ്.
സ്വത്തും പണവും കൈകാര്യം ചെയ്യുന്നതില്‍ പരാതിയുള്ള ഏതൊരു സഭാംഗത്തിനും ട്രൈബ്യൂണലിനെ സമീപിക്കാം. ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കും. സഭയിലെ പോഷകസംഘടനകള്‍ക്കും നിയമം ബാധകമാണ്. ബിഷപ്പോ, ബിഷപ്പുമാരോ, നേതൃത്വം നല്‍കുന്ന എപ്പിസ്‌കോപ്പല്‍ സഭകളേയും, ബിഷപ്പ് പദവി ഇല്ലാത്തതും, പാസ്റ്ററോ അവരുടെ കൂട്ടമോ നിയന്ത്രിക്കുന്ന ഇതരവിഭാഗങ്ങളേയും (നോണ്‍ എപ്പിസ്‌കോപ്പല്‍) ഉള്‍പ്പെടുത്തിയിട്ടുണ്ട്. യഹോവാ സാക്ഷികളും സഭയുടെ നിര്‍വ്വചനത്തില്‍ പെടും.
യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ പോലുള്ള സഭകള്‍ തമ്മിലുള്ള സ്വത്തു തര്‍ക്കങ്ങള്‍ ഈ ട്രിബ്യൂണലിന്റെ പരിധിയില്‍ വരില്ല എന്നാണ് നിയമജ്ഞന്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. അത്തരം തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കേണ്ടത് കോടതികള്‍ തന്നെയാകും.
നിയമത്തിനെതിരെ കെ.സി.ബി.സി രംഗത്തുവന്നിട്ടുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും ഈ നീക്കത്തെ എതിര്‍ക്കുന്നു.
